Thursday, April 25, 2024
HomeKeralaകണ്ടെയ്ന്‍മെന്റ് സോണില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍

കണ്ടെയ്ന്‍മെന്റ് സോണില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍

പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് പത്തനംതിട്ട നഗരസഭയിലെ എല്ലാ വാര്‍ഡുകളും തിരുവല്ല നഗരസഭയിലെ 28, 33 വാര്‍ഡുകളും കുളനട ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡും റാന്നി ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട് എന്നീ വാര്‍ഡുകളും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ചു. കണ്ടെയ്ന്‍മെന്റ് സോണുകളുടെ അതിരുകള്‍ നിര്‍ണയിക്കുകയും കേന്ദ്ര കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ശക്തമായ നിരീക്ഷണ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. കണ്ടെയ്ന്‍മെന്റ് സോണിലെ ലോക്ക്ഡൗണ്‍ നടപടികള്‍ പ്രഖ്യാപനം നിലവില്‍ വന്ന ദിവസം മുതല്‍ ഏഴു ദിവസത്തേക്ക് പ്രാബല്യത്തില്‍ ഉണ്ടാകും. കണ്ടെയ്ന്‍മെന്റ് സോണില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍:
ജനങ്ങള്‍ വീട്ടികളില്‍ തന്നെ തുടരേണ്ടതാണ്.  അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ വീടുകളില്‍ നിന്ന് പുറത്തു പോകാന്‍ അനുവദിക്കുകയുള്ളു. മെഡിക്കല്‍ അത്യാഹിതങ്ങള്‍ക്കും ആവശ്യവസ്തുക്കളുടെ സേവനത്തിനും വിതരണത്തിനുമല്ലാതെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നു പുറത്തേക്കു പോകാനോ അകത്തേക്ക് കടക്കാനോ അനുവദിക്കുന്നതല്ല. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഏഴു ദിവസത്തേക്ക് പൊതുഗതാഗത സേവനങ്ങള്‍   അനുവദിക്കില്ല. സര്‍ക്കാര്‍ ഓഫീസുകള്‍  ഏറ്റവും കുറവ് ജീവനക്കാരുമായി പ്രവര്‍ത്തിക്കണം. മറ്റു ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം തുടരാം. പ്രതിരോധം, കേന്ദ്ര സായുധ പോലീസ് സേന, ട്രഷറി, പെട്രോളിയം, സിഎന്‍ജി, എല്‍പിജി, പിഎന്‍ജി, ദുരന്ത നിവാരണ വകുപ്പ്, വൈദ്യുത ഉല്‍പാദന-വിതരണ യൂണിറ്റുകള്‍, പോസ്റ്റ് ഓഫീസ്, നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍, മുന്നറിയിപ്പുകള്‍ നല്‍കുന്ന ഏജന്‍സികള്‍ തുടങ്ങിയവരെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പോലീസ്, ഹോം ഗാര്‍ഡുകള്‍, സിവില്‍ ഡിഫന്‍സ്, ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസ്, ദുരന്ത നിവാരണ വിഭാഗം, ജയില്‍ എന്നീ വിഭാഗങ്ങളെയും നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ജില്ലാ ഭരണകൂടം, റവന്യൂ ഡിവിഷണല്‍ ഓഫീസ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവ തുറന്നു പ്രവര്‍ത്തിക്കും.  വൈദ്യുതി, വെള്ളം, ശുചിത്വം, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണത്തില്‍ ഇളവുണ്ട്.
ബാങ്കുകള്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ പ്രവര്‍ത്തിക്കാം. എറ്റിഎം, മാധ്യമങ്ങള്‍, ഇന്റര്‍നെറ്റ് സേവനം, ആവശ്യവസ്തുക്കളുടെ വിതരണ ശൃംഖല, ഗതാഗതം എന്നിവ അനുവദിക്കും. ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, പലചരക്ക്, പാല്‍, മാംസം, പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, കോഴി, കന്നുകാലി തീറ്റ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്ക് രാവിലെ ഏഴു  മുതല്‍ വൈകുന്നേരം അഞ്ചു വരെ പ്രവര്‍ത്തിക്കാം. രാവിലെ ഏഴു മുതല്‍ രാത്രി എട്ടു വരെ ഹോട്ടലുകളില്‍ പാഴ്‌സല്‍, ഹോം ഡെലിവറി സേവനങ്ങള്‍ മാത്രം അനുവദിക്കും. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ റേഷന്‍ കടകള്‍ക്ക് പ്രവര്‍ത്തിക്കാം.
ഡിസ്‌പെന്‍സറികള്‍, കെമിസ്റ്റ്, മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍, ലബോറട്ടറികള്‍, ക്ലിനിക്കുകള്‍, നഴ്‌സിംഗ് ഹോമുകള്‍, ആംബുലന്‍സ് മുതലായ പൊതു-സ്വകാര്യ മേഖലകളിലെ ആശുപത്രികളും അവയുടെ ഉല്‍പാദന, വിതരണ യൂണിറ്റുകളും ഉള്‍പ്പെടെ എല്ലാ അനുബന്ധ മെഡിക്കല്‍ സ്ഥാപനങ്ങളും  പ്രവര്‍ത്തനക്ഷമമായിരിക്കും. എല്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നഴ്സുമാര്‍ക്കും പാരാ മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും ആശുപത്രി സഹായ സേവനങ്ങള്‍ക്കുമുള്ള ഗതാഗതം അനുവദിച്ചിട്ടുണ്ട്.  വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തുന്നവര്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ പോലീസ് അധികാരികളുടെയും അനുമതിയോടെ സഞ്ചരിക്കാം. ഇവ ഒഴികെയുള്ള മറ്റൊരു  പ്രവര്‍ത്തനങ്ങളും അനുവദിക്കില്ല.
കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചിരിക്കുന്ന എല്ലാ പ്രദേശങ്ങളിലെയും ജീവനക്കാര്‍, സംഘടനകള്‍ എന്നിവര്‍ കോവിഡ് 19 പ്രതിരോധത്തിന് ആവശ്യമായ  മുന്‍കരുതലുകള്‍ ഉറപ്പാക്കുകയും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം സാമൂഹിക അകലം പാലിക്കുകയും ചെയ്യണം.
  ഇന്‍സിഡന്റ് കമാന്‍ഡറായ തഹസില്‍ദാര്‍ക്കാണ്  അധികാരപരിധിയിലുള്ള ഇടങ്ങളുടെ  ഉത്തരവാദിത്തം.  നിര്‍ദിഷ്ട പ്രദേശത്തെ മറ്റു വകുപ്പ് ഉദ്യോഗസ്ഥര്‍ തഹസില്‍ദാരുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കണം.  കണ്ടെയ്ന്‍മെന്റ് സോണുകളെക്കുറിച്ച് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളും സുരക്ഷയും പോലീസ് ഉറപ്പാക്കും.
 വീടുകള്‍തോറുമുള്ള നിരീക്ഷണവും ആവശ്യാനുസരണം മറ്റ് ക്ലിനിക്കല്‍ ഇടപെടലുകളും ആരോഗ്യ വകുപ്പ് ഉറപ്പാക്കും.  നിയന്ത്രണങ്ങള്‍  ലംഘിക്കുന്നവര്‍ക്കെതിരെ  ദുരന്തനിവാരണ നിയമത്തിലെ സെക്ഷന്‍ 51 മുതല്‍ 60 പ്രകാരവും  ഐപിസി വകുപ്പ് 188 പ്രകാരവുമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments