പത്തനാപുരത്ത് കോണ്‍വെന്റിലെ കിണറ്റിനുള്ളില്‍ കന്യാസ്ത്രീ മരിച്ചനിലയില്‍

blood

പത്തനാപുരത്ത് കോണ്‍വെന്റിലെ കിണറ്റിനുള്ളില്‍ കന്യാസ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തി. രാവിലെ ഒന്‍പതുമണിയോടെയാണ് പത്തനാപുരം മൗണ്ട് താബോര്‍ കോണ്‍വെന്റിലെ സിസ്റ്റര്‍ സി.ഇ.സൂസമ്മയുടെ മൃതദേഹമാണ് കിണറ്റിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയത്.സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ പുനലൂര്‍ ഡിവൈഎസ്പിയുടെ നേത്യത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. സിസ്റ്റര്‍ താമസിച്ചിരുന്ന മുറിയിലും കിണറ്റിലേക്കുള്ള വഴിയിലും കിണറിലും രക്തപാടുകള്‍ കണ്ടതാണ് മരണത്തില്‍ ദുരൂഹത ഉയരാന്‍ കാരണം. ഇവരുടെ ഇരുകൈത്തണ്ടകളിലും മുറിവുണ്ട്. സിസ്റ്റര്‍ താമസിച്ച മുറിയില്‍ രക്തംപറ്റിയ ബ്ലേഡും രക്തം ഒഴുകിയപാടും കണ്ടെത്തി.കഴിഞ്ഞ രണ്ടാഴ്ചയായി പരുമല ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു സിസ്റ്റര്‍ സൂസന്‍. ആഗസ്റ്റ് 14 -ാംതീയതിയാണ് വീട്ടില്‍ പോയി വന്നത്. നാട്ടില്‍ പോയപ്പോള്‍ മെഡിസിറ്റിയിലും ചികില്‍സയിലായിരുന്നു. തുടര്‍ന്ന് 16-ാം തീയതി തിരികെ എത്തിയശേഷം തിരുവല്ല പുഷ്പഗിരി ആശുപത്രിയിലും ചികില്‍സ തേടിയതായി സഹോദരങ്ങള്‍ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി 9.30 ന് ഫോണിലൂടെ സഹോദരങ്ങളുമായി സംസാരിച്ചിരുന്നു. പനിയാണെന്നും ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെന്നും ബന്ധുക്കളോട് പറഞ്ഞിരുന്നു. നിരവധി ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നതായും ഇതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തതാകാമെന്നുമാണ് കോണ്‍വെന്റ് അധികൃതരുടെ വിശദീകരണം. എഡിഎമ്മിന്റെയും എസ്പിയുടെയും സാനിധ്യത്തില്‍ രണ്ടു മണിയോടെ മൃതദേഹം കിണറ്റില്‍ നിന്നു പുറത്തെടുത്തു.