ചന്ദ്രയാൻ 2 ദൗത്യം;സിഗ്നലുകൾ നഷ്ടപ്പെട്ട വിക്രം ലാൻഡർ ഇടിച്ചിറങ്ങിയതായിരിക്കാമെന്ന് ഇസ്റോ ചെയർമാൻ

chadrayan

ചന്ദ്രയാൻ 2 ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രോപരിതലത്തിൽ ഇറക്കാനുള്ള ശ്രമത്തിനിടെ സിഗ്നലുകൾ നഷ്ടപ്പെട്ട വിക്രം ലാൻഡർ ഇടിച്ചിറങ്ങിയതായിരിക്കാമെന്ന് ഇസ്റോ ചെയർമാൻ ഡോ. കെ.ശിവൻ. ചന്ദ്രോപരിതലത്തിൽ സ്ഥിതി ചെയ്യുന്ന ലാൻ‍ഡറിനെ ഓർബിറ്റർ കണ്ടെത്തുകയും ലാൻഡറിന്റെ തെർമൽ ചിത്രം (ഒരു വസ്തുവിന്റെ താപനില അടിസ്ഥാനപ്പെടുത്തി എടുക്കുന്ന ചിത്രം) പകർത്തി അയയ്ക്കുകയും ചെയ്തിരുന്നു. ആശയവിനിമയം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണെന്നും ഡോ.ശിവൻ അറിയിച്ചു.ഇതിനിടെ, ലാൻഡർ വീണ്ടെടുക്കാൻ കഴിയില്ലെന്ന സൂചനകൾ ഈ മേഖലയിലെ വിദഗ്ധർ മുന്നോട്ടുവച്ചു.ഇടിച്ചിറങ്ങിയിരിക്കാനുള്ള സാധ്യതയിലേക്കാണ് ഇതും വിരൽ ചൂണ്ടുന്നത്. ഇടിച്ചിറക്കത്തിലുണ്ടായ ആഘാതം മൂലം ട്രാൻസ്പോണ്ടറുകൾ തകരാറിലായതാകാം ആശയവിനിമയത്തിനു വിലങ്ങുതടിയായത്. ഓർബിറ്ററും ലാൻഡറുമായി ബന്ധം സ്ഥാപിച്ച്, ലാൻഡറിന്റെ ബാറ്ററികളെയും സോളർ പാനലുകളെയും വീണ്ടും പ്രവർത്തിപ്പിക്കാനുള്ള ശ്രമമാണ് ഇസ്റോ നടത്തുന്നത്. എന്നാൽ സമയം വൈകുംതോറും സാധ്യത വൈകും. ലാൻഡറിലും റോവറിലുമായി 5 പേലോ‍ഡുകളാണ് (ശാസ്ത്രീയ ഉപകരണങ്ങൾ) സ്ഥാപിച്ചിരിക്കുന്നത്. ലാൻഡറിനെ വീണ്ടെടുക്കാൻ പറ്റിയില്ലെങ്കിൽ ഇവ നഷ്ടമാകും. ലാൻഡർ ഇറങ്ങിയ ദക്ഷിണധ്രുവം ഇരുണ്ട നിഴൽപ്രദേശമായതിനാൽ വ്യക്തതയുള്ള ചിത്രമെടുക്കുന്നത് എളുപ്പമല്ല. അതിനാലാണു തെർമൽ ഇമേജിങ് ചിത്രം ഓർബിറ്റർ പകർത്തിയത്.