തന്റെ കോട്ടയം ലോക്‌സഭാ സീറ്റ് അട്ടിമറിച്ചത് ജോസ്.കെ മാണിയെന്ന് പി.ജെ ജോസഫ്

pj joseph

ജോസ്.കെ മാണിക്കെതിരെ ആഞ്ഞടിച്ച്‌ പി.ജെ ജോസഫ്. തനിക്ക് കിട്ടേണ്ട കോട്ടയം ലോക്‌സഭാ സീറ്റ് അട്ടിമറിച്ചത് ജോസ്.കെ മാണിയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. ലോക്‌സഭാ സ്ഥാനാര്‍ഥി നിര്‍ണയവേളയില്‍ കോട്ടയത്ത് മറ്റാരുടെയും പേര് അപ്പോള്‍ പരിഗണനയിലില്ലായിരുന്നു. ആ ഘട്ടത്തില്‍ രാജ്യസഭാ സീറ്റ് ജോസ്.കെ മാണിക്ക് നല്‍കിയതിനാല്‍ ലോക്‌സഭാ സീറ്റില്‍ ഞാന്‍ കോട്ടയത്ത് മത്സരിക്കാന്‍ ആഗ്രഹം പറഞ്ഞു.

യുഡിഎഫും ഈ ഫോര്‍മുല അംഗീകരിച്ചതാണ്‌.അന്ന് യോഗത്തില്‍ തലയില്‍ കൈവച്ച്‌ മാണി പിതൃസ്ഥാനത്ത് നിന്ന് അനുഗ്രഹം തന്നിരുന്നു. പിന്നീടാണ് അത് അട്ടിമറിക്കപ്പെട്ടത്. മാതൃഭൂമി ന്യൂസ് പ്രതിനിധി ബിജു പങ്കജുമായി നടത്തിയ അഭിമുഖത്തിലാണ് ജോസഫ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്‌.


മത്സരിക്കാന്‍ അവസരം നല്‍കാത്തതില്‍ കെ.എം മാണി പിന്നീട് ഖേദം പ്രകടിപ്പിച്ചു. അടുത്ത ഒരാളോടാണ് ഔസേപ്പച്ചന് ചോദിച്ചിട്ട് കൊടുക്കാത്തതില്‍ ഖേദം പറഞ്ഞത്. യുഡിഎഫ് നേതാക്കളുടെ അഭ്യര്‍ഥന മാനിച്ചാണ് പാലായില്‍ സമാന്തര കണ്‍വന്‍ഷനില്‍ നിന്ന് പിന്മാറിയത്. ബിഷപ്പുമാരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെടുത്തി.

പാലാ സീറ്റില്‍ രണ്ടില ചിഹ്നം കിട്ടാന്‍ തട്ടിപ്പിന് ജോസ്.കെ മാണി ശ്രമം നടത്തി. സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിവില്ലാത്ത നേതാവാണ് ജോസ്.കെ മാണി. പക്വതയും വീണ്ടുവിചാരവുമില്ല. വേഗത്തില്‍ അധികാരം പിടിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ജോസ്.കെ മാണി നയിച്ച കേരള യാത്ര മുതല്‍ പ്രശ്‌നം രൂക്ഷമായി.

ഡിസംബറിന് ശേഷം പുതിയ സംഘടനാ സംവിധാനം നിലവില്‍ വരുമെന്ന പ്രഖ്യാപനം കേരള കോണ്‍ഗ്രസ് രണ്ടായി രണ്ടുവഴിക്കെന്ന് സൂചനകളും നല്‍കുന്നുണ്ട്.മഴ മാറിക്കഴിഞ്ഞാല്‍ എല്ലാജില്ലകളിലും സ്വന്തമായി പ്രസിഡന്റുമാരും സംഘടനാ സംവിധാനവും നിലവില്‍വരും