മോട്ടോര്‍ വാഹന നിയമത്തിലെ വന്‍പിഴ ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. നിയമ ഭേദഗതിക്കുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചതായാണ് വിവരം. പിഴ കുറച്ച് ഓര്‍ഡിനന്‍സ് ഇറക്കുന്നതിന്റെ നിയമസാധുത തേടി ഗതാഗത വകുപ്പ് നിയമവകുപ്പിന് കത്തയച്ചു. വന്‍പിഴ ഈടാക്കുന്നത് പൊതുജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണ് നീക്കം.
മോട്ടോര്‍വാഹന നിയമലംഘനങ്ങള്‍ക്ക് അമിത പിഴ ഈടാക്കുന്നത് കേന്ദ്രനിയമമാണെങ്കിലും സംസ്ഥാനങ്ങള്‍ക്കും ഇടപെടാന്‍ അനുമതിയുണ്ട്. ഇത് ഉപയോഗപ്പെടുത്താനാണ് നീക്കം. പിഴത്തുക പരിശോധകര്‍ക്ക് നേരിട്ട് നല്‍കുകയോ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസില്‍ അടയ്ക്കുകയോ ചെയ്യുന്ന ഘട്ടങ്ങളിലാണ് സര്‍ക്കാരിന് ഇടപെടാന്‍ അനുവാദമുളളത്.
ഈ പഴുതുപയോഗിച്ച് കുറഞ്ഞ തുകയ്ക്ക് തൊട്ടുമുകളിലുളള തുക പിഴയായി നിജപ്പെടുത്തുന്നതാണ് സംസ്ഥാനം ആലോചിക്കുന്നത്. അതായത് അമിത വേഗത്തില്‍ വാഹനമോടിച്ചാല്‍ പിഴ 1000 മുതല്‍ 2000 വരെയാണ്. പിടിക്കപ്പെടുന്നവര്‍ നേരിട്ട് പണമടയ്ക്കുകയാണെങ്കില്‍ 1100 രൂപ ഈടാക്കുന്ന രീതിലാകും മാറ്റം.
എന്നാല്‍ കോടതിയില്‍ അടയ്ക്കുന്ന പിഴയ്ക്ക് ഇത് ബാധമായിരിക്കില്ല. മദ്യപിച്ച് വാഹനമോടിക്കുന്നതിനുളള പിഴ കുറയ്ക്കില്ല. 10000 രൂപയാണ് മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പിഴയായി ഈടാക്കുന്നത്. ഓണനാളുകളില്‍ പരിശോധന കര്‍ശനമാക്കേണ്ടതില്ലെന്നും ആലോചനയുണ്ട്. മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ഫോണ്‍വഴി നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തി.