അല്‍ഡി സുഗന്ദ രണ്ട് വയസിനിടെ തന്നെ ചെയിന്‍ സ്‌മോക്കറായി മാറിയിരുന്നു. ദിവസം 40 സിഗരറ്റുകള്‍ വരെ വലിച്ച് ഈ ഇന്‍ഡോനേഷ്യന്‍ കുരുന്ന് വാര്‍ത്തകളില്‍ ഇടംപിടിച്ചു. മകന്റെ ഈ ദുശ്ശീലം ആ കുടുംബത്തെ അക്ഷരാര്‍ത്ഥത്തില്‍ ഉലച്ചു. സിഗരറ്റിന് വേണ്ടി വാശിപിടിച്ച് അക്രമം കാണിക്കുമ്പോള്‍ വഴങ്ങിക്കൊടുക്കുകയേ അമ്മ ഡയാനയ്ക്ക് നിര്‍വാഹമുണ്ടായിരുന്നുള്ളൂ. ഒരിക്കലും മകനെ ഈ ദുശ്ശീലത്തിന്റെ കരാള ഹസ്തങ്ങളില്‍ നിന്ന് മോചിപ്പിക്കാനാകില്ലെന്ന് കരുതി അവര്‍ മനസ്സുരുകിക്കൊണ്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ 8 വയസ്സില്‍ എത്തി നില്‍ക്കുമ്പോള്‍ അവനിലെ മാറ്റം അദ്ഭുതാവഹമാണ്. ഇപ്പോള്‍ ഇന്‍ഡോനേഷ്യയില്‍ പുകവലിക്കെതിരെ ശബ്ദമുയര്‍ത്തുന്നത് അല്‍ഡി സുഗന്ദയുടെ നേതൃത്വത്തിലാണ്. പുകവലി നിര്‍ത്തിയതില്‍ താന്‍ അതീവ സന്തോഷവാനാണെന്നും മനസ്സിനും ശരീരത്തിനും ഉന്‍മേഷം കൈവന്നതായും അല്‍ഡി പറയുന്നു.അന്ന് സിഗരറ്റ് വലിച്ചില്ലെങ്കില്‍ വായ്ക്കകത്ത് ചവര്‍പ്പ് തോന്നും. തലകറക്കവും അനുഭവപ്പെടും. സിഗരറ്റ് വലി നിര്‍ത്തുകയെന്നത് കഠിനവുമായിരുന്നു. എന്നാല്‍ പുകവലി നിര്‍ത്താനെടുത്ത തീരുമാനത്തോടെ താന്‍ ആരോഗ്യമുള്ള ജീവിതത്തിലേക്ക് തിരികെ വന്നതായി അല്‍ഡി പറയുന്നു. എനിക്ക് രോഗിയാകാന്‍ താല്‍പ്പര്യമില്ലെന്നും ഇനി പുകവലിക്കേണ്ടെന്നും അല്‍ഡി വ്യക്തമാക്കി. പച്ചക്കറി വില്‍പ്പനയ്ക്ക് തന്നോടൊപ്പം മാര്‍ക്കറ്റില്‍ വരുമ്പോള്‍ അവിടെയുള്ളവരാണ് അല്‍ഡിയെ പുകവലി പഠിപ്പിച്ചതെന്ന് അമ്മ ഡയാന പറയുന്നു. അവിടെ നിന്ന് ഇഷ്ടംപോലെ സിഗരറ്റും ലഭിച്ചു. ശീലമായതോടെ ഇത് കിട്ടാതായാല്‍ വാശിപിടിച്ച് അക്രമവാസന പുറത്തെടുക്കും. തല ചുമരിലിട്ട് ഇടിക്കുകയും സ്വയം മുറിവുകള്‍ ഏല്‍പ്പിക്കുകയും ചെയ്യും.വാങ്ങാന്‍ പണം നല്‍കാതിരുന്നാല്‍ തന്നെ ഉപദ്രവിക്കും.ഇങ്ങനെ വലി തുടര്‍ന്നാല്‍ അവന്‍ മരണപ്പെടുമോയെന്ന് ആശങ്കപ്പെട്ടിരുന്നതായും ഡയാന കൂട്ടിച്ചേര്‍ത്തു. താന്‍ ഒരു മോശം അമ്മയാണെന്ന് ആളുകള്‍ പറയാറുണ്ടായിരുന്നു. എന്നാല്‍ മകന്‍ പുകവലി നിര്‍ത്തി പുകയില വിരുദ്ധ പ്രചാരണങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ ആതീവ ആഹ്ലാദവതിയാണ് ഡയാന. അല്‍ഡി ഇന്ന് പഠന കാര്യങ്ങളില്‍ ഏറെ മുന്നിലാണ്. ചൈല്‍ഡ് സൈക്കോളജിസ്റ്റ് ഡോ.സിറ്റോ മൂല്യാഡിയുടെ നിരന്തര പരിശ്രമമാണ് അല്‍ഡിയെ തിരികെ കൊണ്ടുവന്നത്. കായിക ഇനങ്ങളിലേക്ക് അല്‍ഡിയുടെ ശ്രദ്ധ തിരിച്ചുവിട്ട് സിഗരറ്റുകളുടെ എണ്ണം കുറയ്ക്കുകയാണ് ആദ്യം ചെയ്തത്.അങ്ങനെ ഘട്ടം ഘട്ടമായി പുകവലി കുറച്ചുകൊണ്ടുവരികയായിരുന്നു. അങ്ങനെ പുകവലി നിര്‍ത്തിച്ചു. എന്നാല്‍ ആ ദുശ്ശീലം നിര്‍ത്തിയപ്പോള്‍ കുട്ടി നന്നായി ഭക്ഷണം കഴിക്കുകയും വണ്ണം വെയ്ക്കുകയും ചെയ്തു. അവസാനം ഇത് നിയന്ത്രിച്ചതും ചികിത്സയിലൂടെയാണ്.