ജോളി ജോസഫിന് വേണ്ടി അഭിഭാഷകന്‍ ബി എ ആളൂര്‍ നാളെ കോടതിയില്‍ ഹാജരാകും

jolly murder

കൂടത്തായി കൂട്ടക്കൊലക്കേസില്‍ അറസ്റ്റിലായ ജോളി ജോസഫിന് വേണ്ടി അഭിഭാഷകന്‍ ബി എ ആളൂര്‍ നാളെ കോടതിയില്‍ ഹാജരാകും. ഇതിന്റെ ഭാഗമായി ആളൂര്‍ കേസിന്റെ വക്കാലത്തില്‍ ഒപ്പിട്ടു.

ജോളിക്കു വേണ്ടി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജോളിയുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ തന്നെ സമീപിച്ചിരുന്നതായി ആളൂര്‍ വ്യക്തമാക്കിയിരുന്നു. ഇന്നലെയും ജോളിയുടെ അടുത്ത ബന്ധുക്കള്‍ തന്നോട് സംസാരിച്ചിരുന്നു. ഇപ്പോള്‍ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്.

മാത്രമല്ല അന്വേഷണം ഗൗരവമായാണ് മുന്നോട്ട് പോകുന്നത്. അതുകൊണ്ട് തന്നെ അന്വേഷണത്തിന്റെ പുരോഗതി അറിഞ്ഞതിന് ശേഷം മാത്രം മുന്നോട്ട് പോയാല്‍ മതിയെന്നാണ് ജോളിയുടെ അടുത്ത ബന്ധുക്കള്‍ തന്നോട് പറഞ്ഞതെന്നും ആളൂര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രാഥമിക അന്വേഷണം കഴിഞ്ഞതിന് ശേഷം മാത്രം ജാമ്യപേക്ഷ നല്‍കിയാല്‍ മതി എന്നാണ് ബന്ധുക്കള്‍ പറഞ്ഞിരിക്കുന്നത്. ഈ കേസില്‍ ബന്ധുക്കള്‍ സമീപിച്ചാല്‍ തീര്‍ച്ചയായും മുന്നോട്ട് പോകും. കേസില്‍ ജോളിക്ക് അനുകൂലമായ ഘടകങ്ങള്‍ ഉണ്ടാകുമോ എന്നത് ഇപ്പോള്‍ പറയാന്‍ കഴിയില്ല.

അന്വേഷണപുരോഗതി അറിഞ്ഞതിന് ശേഷം മാത്രമേ ഇതേക്കുറിച്ച്‌ കൂടുതല്‍ പറയാന്‍ സാധിക്കൂ. മാത്രമല്ല ക്യത്യം ചെയ്ത സമയത്തുള്ള ജോളിയുടെ മാനസികാവസ്ഥയും കണക്കിലെടുക്കും. കുട്ടിക്കാലം മുതല്‍ ജോളി കടന്നുപോയ എല്ലാ കാര്യങ്ങളും അന്വേഷിച്ചാല്‍ മാത്രമേ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയൂവെന്നുമാണ് ആളൂര്‍ നേരത്തെ പ്രതികരിച്ചത്.

അന്വേഷണം എവിടെവരെ എത്തിനില്‍ക്കുന്നു എന്നത് പ്രാഥമിക അന്വേഷണം കഴിഞ്ഞതിനുശേഷം മാത്രമേ എന്തെങ്കിലും പറയാന്‍ സാധിക്കൂ. പ്രാഥമിക അന്വേഷണം കഴിയാന്‍ 15 ദിവസമെങ്കിലും കഴിയണം ഇതുകഴിയാതെ ഈ കേസില്‍ ഒന്നും പറയാന്‍ സാധിക്കില്ലെന്നും ആളൂര്‍ വ്യക്തമാക്കി.