സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ടല്ല, സരിതയുടെ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സോളാർ കേസ് ഉപയോഗിച്ച് മുഖ്യമന്ത്രി പ്രതികാര രാഷ്ട്രീയം കളിക്കുകയാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സരിതയുടെ കത്ത് അടിസ്ഥാനമാക്കിയാണ് ജസ്റ്റീസ് ശിവരാജൻ കമ്മീഷൻ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. കത്തിനെക്കുറിച്ച് നേരത്തെ തന്നെ സംശയമുയർന്നതാണ്. കത്തിന് എത്ര രൂപ ചെലവ് വന്നുവെന്നും വ്യക്തമായതാണ്. സോളാർ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച ശേഷമുള്ള സർക്കാരിന്‍റെ നടപടികളൊന്നും സുതാര്യമല്ല. നാല് വാല്യമുള്ള റിപ്പോർട്ടിന്‍റെ ഒരു ഭാഗത്ത് കമ്മീഷന്‍റെ ഒപ്പില്ലെന്നും ഇത് ഗൗരവതരമാണെന്നും അദ്ദേഹം പറഞ്ഞു.
കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് ജസ്റ്റീസ് ശിവരാജനെ നിരവധി തവണ ഫോണിൽ വിളിച്ചുവെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയിൽ പറഞ്ഞു. ഇക്കാര്യം താനും ആവർത്തിക്കുന്നു. അക്കാര്യങ്ങളിൽ ഒക്കെ പരിശോധന നടത്താൻ സർക്കാർ തയാറാണോ. ആരോപണങ്ങൾ കത്തിനിന്ന കാലത്ത് തന്നെ പല കാര്യങ്ങളും സരിത മാറ്റിപ്പറഞ്ഞിരുന്നു. ആദ്യം പിതൃതുല്യനാണ് താനെന്ന് പറഞ്ഞ ശേഷമാണ് കത്ത് പുറത്തുവരുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് കത്ത് പുറത്തുവന്നപ്പോൾ തന്നെ താൻ കൊച്ചിയിലെ കോടതിയിൽ മാനനഷ്ടക്കേസ് നൽകിയിരുന്നു. ആ കേസ് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സോളാർ കേസുമായി ബന്ധപ്പെടുത്തി തനിക്കെതിരേ ആരോപണം നിലനിൽക്കുന്നത് സരിതയുടെ കത്തിൽ മാത്രമാണ്. കോണ്‍ഗ്രസ് നേതാക്കൾക്കെതിരേ ആരോപണം ഉന്നയിക്കാൻ സിപിഎം പത്ത് കോടി വാഗ്ദാനം ചെയ്തിരുന്നുവെന്ന് സരിത തന്നെ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തെക്കുറിച്ച് സിപിഎം മൗനം പാലിക്കുകയാണ്. സിപിഎമ്മിനെതിരായ സരിതയുടെ ആരോപണം താൻ വിശ്വസിക്കുന്നില്ലെന്നും അത് സോളാർ കേസിന്‍റെ അനുഭവത്തിൽ നിന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫ് സർക്കാർ നിയോഗിച്ച സോളാർ അന്വേഷണ കമ്മീഷൻ തങ്ങളുടെ പരിഗണനാ വിഷയങ്ങളിൽ നിന്നും പൂർണമായും വ്യതിചലിച്ചു. തനിക്കെതിരായ ആരോപണങ്ങളിൽ എന്തെങ്കിലും വസ്തുതയുണ്ടെന്ന് കണ്ടെത്തിയാൽ പൊതു രംഗത്ത് തുടരില്ലെന്ന നിലപാട് ആവർത്തിക്കുന്നു. നാല് വർഷമായി തെറ്റായ ആരോപണങ്ങളുടെ പേരിൽ തന്നെ വേട്ടയാടുകയാണ്. ഒരിക്കൽ പോലും സമചിത്തതയില്ലാതെ താൻ പ്രതികരിച്ചിട്ടില്ല. കേസ് നിയമപരമായി നേരിടുമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.