ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച ഹിന്ദു യുവവാഹിനി സംഘടനയിൽ പൊട്ടിത്തെറി. ഉന്നത നേതാക്കളുടെ പിടിപ്പുകേടും സംസ്ഥാന സെക്രട്ടറി പങ്കജ് സിംഗിനെതിരെയുള്ള അഴിമതിയാരോപണങ്ങളെയും തുടർന്ന് സംഘടനയിൽ നിന്ന് 2,500 പ്രവർത്തകർ രാജിവച്ചതായാണു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.പ്രവർത്തകർ സംഘടനയെ ദുരുപയോഗം ചെയ്തതിനാൽ ലക്നോ മഹാനഗർ യൂണിറ്റ് നേതാക്കൾ പിരിച്ചുവിട്ടതിനെത്തുടർന്നാണ് കൂട്ടരാജിയെന്നാണ് ഒൗദ്യോഗിക വിശദീകരണം. എന്നാൽ യൂണിറ്റ് പിരിച്ചുവിട്ടതിനു പിന്നാലെ വാർത്താസമ്മേളനം വിളിച്ചുചേർത്ത് തങ്ങൾ സംഘടന വിടുകയാണെന്ന് 2500 പ്രവർത്തകർ അറിയിക്കുകയായിരുന്നു. പങ്കജ് സിംഗിനെ പോലുള്ള മുതിർന്ന നേതാക്കളുടെ നിലപാടുകളിൽ മനംമടുത്താണു പ്രവർത്തകർ രാജി പ്രഖ്യാപിച്ചതെന്നു സംഘടനയുടെ ലക്നോവിലെ നേതാക്കളിലൊരാളായ അനുഭവ് ശുക്ല വ്യക്തമാക്കി. പങ്കജ് സിംഗ് അഴിമതി നടത്തുകയാണെന്നും സംഘടനയുടെ പേര് ദുരുപയോഗം ചെയ്തു പണം സന്പാദിക്കുകയാണെന്നും ശുക്ല ആരോപിക്കുന്നു. ഇ ടെൻഡറിംഗ് നടപടികളൊന്നും ഇല്ലാതെ സംഘടനയുടെ പേരുപയോഗിച്ചു പങ്കജ് സിംഗ് സർക്കാരിൽനിന്നു ചുളുവിൽ കരാറുകൾ തട്ടിയെടുത്തെന്നും വിമതപക്ഷം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ആദിത്യനാഥ് സ്ഥാപിച്ച സദാചാര പോലീസ് സംഘടനയാണ് ഹിന്ദു യുവവാഹിനി. സർക്കാർ അധികാരത്തിലെത്തിയശേഷം സംഘടനയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നിരവധി കുറ്റകൃത്യങ്ങൾ അരങ്ങേറിയതായി റിപ്പോർട്ടുകൾ വന്നിരുന്നു.
ആദിത്യനാഥ് സ്ഥാപിച്ച ഹിന്ദു യുവവാഹിനി സംഘടനയെ ദുരുപയോഗം ചെയ്യുവെന്ന് പരാതി
RELATED ARTICLES