പിസ കട്ടർ ഉപയോഗിച്ച്‌ പതിനഞ്ചുകാരൻ അമ്മയെയും മകളെയും കൊന്നുവെന്ന് സമ്മതിച്ചു

blood

ഡൽഹിക്ക് സമീപം ഗ്രേയിറ്റർ നോയിഡയിലെ ഫ്ലാറ്റിൽ അമ്മയെയും പ്രായപൂർത്തിയാകാത്ത മകളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ പതിനഞ്ചുകാരൻ മകൻ കുറ്റം സമ്മതിച്ചു. പിസ കട്ടർ ഉപയോഗിച്ചാണ് താൻ കൊലപാതകങ്ങൾ നടത്തിയതെന്ന് കൗമാരക്കാരൻ പോലീസിന്‍റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. അമ്മ വഴക്ക് പറഞ്ഞതിലും തല്ലിയതിലുമുള്ള പ്രതികാരമായായിരുന്നു കൊലപാതകങ്ങൾ. കഴിഞ്ഞ ചൊവ്വാഴ്ചയാണ് നാടിനെ നടുക്കിയ കൊലപാതകങ്ങൾ സംഭവിച്ചത്. നോയിഡയ്ക്ക് സമീപം ഗൗർ പട്ടണത്തിലെ ഫ്ലാറ്റിന്‍റെ 14-ാം നിലയിലാണ് അഞ്ജലി അഗർവാൾ (40), മകൾ കനിഹ (12) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. പിന്നാലെ മകനെ സ്ഥലത്തു നിന്നും കാണാതാവുകയായിരുന്നു. ഭാര്യയെ ഫോണിൽ വിളിച്ച് കിട്ടാത്തതിനെ തുടർന്ന് ഭർത്താവ് സമീപത്ത് താമസിച്ചിരുന്ന ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കളും അയൽവാസികളും എത്തിയപ്പോൾ ഫ്ലാറ്റ് പുറത്തുനിന്നും പൂട്ടിയ നിലയിലാണ് കണ്ടെത്തിയത്. പിന്നീട് ഇവർ വിവരം അറിയിച്ചതനുസരിച്ച് പോലീസ് എത്തി വാതിൽ തകർത്ത് ഫ്ലാറ്റിൽ കയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തു നിന്നും മുങ്ങിയ മകനെ വെള്ളിയാഴ്ച വൈകിട്ട് ഉത്തർപ്രദേശിലെ മുഗൾസരായിയിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവിടെ നിന്നും പതിനഞ്ചുകാരൻ പിതാവിന്‍റെ മൊബൈൽ ഫോണിലേക്ക് വിളിച്ചതോടെ പോലീസ് സ്ഥലം തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകങ്ങൾക്ക് മറ്റാരുടെയും സഹായം കൗമാരക്കാരന് ലഭിച്ചുവെന്ന് കരുതുന്നില്ലെന്നാണ് പോലീസിന്‍റെ ഭാഷ്യം. രണ്ടു ചെറുകത്രികകൾ ഉപയോഗിച്ച് അമ്മയെയും സഹോദരിയെയും ഇയാൾ ആദ്യം ആക്രമിക്കുകയായിരുന്നു. പിന്നീട് പിസ കട്ടർ ഉപയോഗിച്ച് കഴുത്ത് മുറിച്ച് മരണം ഉറപ്പാക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

സംഭവത്തിന് പിന്നാലെ വീട്ടിൽ നിന്നും പണം കൈക്കലാക്കി ഒരു ബാഗുമായി മുങ്ങിയ കൗമാരക്കാരൻ ഡൽഹി റെയിൽവേ സ്റ്റേഷനിൽ എത്തിയാണ് രക്ഷപെട്ടത്. ആദ്യം പഞ്ചാബിലെ ലുധിയാനയിലേക്കാണ് ഇയാൾ പോയത്. പിന്നീട് ചണ്ഡിഗഡിലും ഷിംലയിലും എത്തി. ഷിംലയിൽ നിന്നും വീണ്ടും ചണ്ഡിഗഡിൽ എത്തിയ ശേഷം റാഞ്ചിക്ക് പോയി. ഇവിടെ നിന്നാണ് യുപിയിലെ മുഗുൾസാരായിയിൽ എത്തിയത്. യാത്രയ്ക്കിടയിൽ ബാഗ് നഷ്ടപ്പെട്ടതിനാൽ പണം ഇയാളുടെ കൈവശമുണ്ടായിരുന്നില്ല. പിന്നീട് കള്ളവണ്ടി കയറുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കൗമാരക്കാരന്‍റെ പിതാവ് ബിസിസിനസ് ആവശ്യങ്ങൾക്കായി സ്ഥലത്തുണ്ടായിരുന്നില്ല. ഈ സമയമാണ് കൊലപാതകങ്ങൾ നടന്നത്. അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾക്ക് അരികിൽ നിന്നും രക്തംപുരണ്ട ക്രിക്കറ്റ് ബാറ്റും കണ്ടെത്തിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം പോലീസ് തുടരുകയാണ്.