ശരീര ഭാഗങ്ങള്‍ റബ്ബര്‍ പോലെ ചലിപ്പിക്കുന്ന മനുഷ്യന്‍

rubber man

സ്വന്തം ശരീര ഭാഗങ്ങള്‍ റബ്ബര്‍ പോലെ ചലിപ്പിച്ച് വാര്‍ത്തകളില്‍ ഇടം നേടുകയാണ് ഈ മനുഷ്യന്‍. അമേരിക്കന്‍ സ്വദേശിയായ ഡാനിയല്‍ ബ്രൗണിംഗ് സമിത്താണ് ഈ ആത്ഭുതപ്പെടുത്തുന്ന കഴിവിലൂടെ ലോകശ്രദ്ധ ആകര്‍ഷിക്കുന്നത്. തന്റെ ഈ കഴിവിനാല്‍ ഗിന്നസ് ബുക്കിലും ഇടം നേടിയിട്ടുണ്ട് ഈ 38 കാരന്‍. സുഹൃത്തുക്കള്‍ക്കിടയില്‍ റബ്ബര്‍ മനുഷ്യന്‍ എന്ന പേരിലാണ് ഇദ്ദേഹം ഇപ്പോള്‍ അറിയപ്പെടുന്നത് തന്നെ. ചെറുപ്പത്തില്‍ സഹോദരങ്ങളുമൊത്ത് തല്ലു കൂടുമ്പോള്‍ ഡാനിയല്‍ മുറിയില്‍ പ്രത്യേക രീതികളില്‍ ഒളിച്ചിരിക്കാറുണ്ടായിരുന്നു. പിന്നീട് വലുതാകും തോറും തന്റെ ഈ കഴിവുകളെ സ്വയം കൂടുതലായി മനസ്സിലാക്കുവാന്‍ തുടങ്ങി. പതിനെട്ടാം വയസ്സ് എത്തുമ്പോഴേക്കും തന്റെ ജീവിത വഴി ഇതാണെന്ന് ഡാനിയല്‍ ഉറപ്പിച്ചിരുന്നു. പിന്നെ അതിലേക്കുള്ള കഠിന പരിശ്രമങ്ങളിലായി തുടര്‍ന്നുള്ള ജീവിതം. ഇപ്പോള്‍ ഡാനിയലിന്റെ ശരീര ഭാഗങ്ങള്‍ കൊണ്ടുള്ള ചലനങ്ങള്‍ കണ്ടാല്‍ ആരായലും അന്തം വിട്ട് പോകും. ഇതിന് പിന്നിലെ രഹസ്യം ചോദിച്ചാല്‍ ഡാനിയലിന് ഒരൊറ്റ ഉത്തരം മാത്രമേ പറയാനുള്ളു. കഠിന പരിശ്രമത്തിലൂടെ ഈ ലോകത്ത് കീഴടക്കാന്‍ പറ്റാത്തതായി യാതൊന്നുമില്ല.