ജോയ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പിന്റെ വിവിധ ശാഖകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് രാജ്യത്തുടനീളം ജോയ് ആലുക്കാസ് സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തുന്നത്. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര ജ്വല്ലറി ശൃംഖലയാണ് ജോയ് ആലുക്കാസ്. ജ്വല്ലറി ബിസിനസിന് പുറമേ, റിയല്‍ എസ്‌റ്റേറ്റ്, ഹോട്ടല്‍, വസ്ത്ര വ്യാപാര മേഖലകളിലും ജോയ് ആലുക്കാസിന്റെ സാന്നിദ്ധ്യമുണ്ട്. ജനുവരി 10 ബുധനാഴ്ച രാവിലെയാണ് രാജ്യത്തുടനീളമുള്ള ജോയ് ആലുക്കാസ് സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ് ആരംഭിച്ചത്. ജ്വല്ലറിയുടെ 130 സ്ഥാപനങ്ങളില്‍ റെയ്ഡ് നടക്കുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചെന്നൈ, ഹൈദരാബാദ്, തൃശൂര്‍ തുടങ്ങിയ പ്രധാനകേന്ദ്രങ്ങളിലും റെയ്ഡ് പുരോഗമിക്കുകയാണ്. കേരളത്തിന് പുറമേ, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, ഗുജറാത്ത്, മഹാരാഷ്ട്ര, ദില്ലി, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലും ഒരേസമയമാണ് റെയ്ഡ് തുടങ്ങിയത്. നോട്ട് നിരോധനത്തിന് ശേഷം ജോയ് ആലുക്കാസിന്റെ നിക്ഷേപങ്ങളിലും സ്വര്‍ണ്ണ, വജ്ര വില്‍പ്പനയിലും വന്‍ വര്‍ദ്ധനവുണ്ടായെന്നും ആദായനികുതി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഏകദേശം നൂറിലേറെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും, നിരവധി പോലിസുകാരും റെയ്ഡില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ജോയ് ആലുക്കാസ് സ്ഥാപനങ്ങളില്‍ റെയ്ഡ്
RELATED ARTICLES