രജ്‌നീകാന്തിന്റെ സിനിമയായ പേട്ട തീയറ്ററിൽ; അനധികൃത കോപ്പി ഇന്റര്‍നെറ്റിലും

രജ്‌നീകാന്തിന്റെ സിനിമയായ പേട്ട റിലീസ് ദിവസം തീയറ്ററിലും അനധികൃത കോപ്പി ഇന്റര്‍നെറ്റിലും. വ്യാഴാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് ചിത്രം തമിഴ് റോക്കേഴ്‌സില്‍ പ്രത്യക്ഷപ്പെട്ടത്. തിയേറ്ററില്‍ നിന്ന് ചിത്രീകരിച്ച എച്ച്‌ഡി പ്രിന്റാണ് പ്രചരിക്കുന്നത്. അതേസമയം, അജിത് നായകനായ വിശ്വസവും ചോര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന രണ്ടു ചിത്രങ്ങളും റിലീസ് ദിവസം തന്നെ ചോര്‍ന്നത് സിനിമാ മേഖലയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. നേരത്തെ രജനിയുടെ കാലയും റിലീസ് ദിവസം തന്നെ ചോര്‍ന്നിരുന്നു.യുവ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജാണ് പേട്ട നിര്‍മിച്ചിരിക്കുന്നത്. ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി, വിജയ് സേതുപതി, ബോബി സിംഹ, സനന്ത്, തൃഷ, സിമ്രാന്‍, മേഘ ആകാശ് എന്നിങ്ങനെ വമ്ബന്‍ താരനിരയാണ് പേട്ടയില്‍ അണിനിരക്കുന്നത്. അനിരുദ്ധ് സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന് മലയാളിയായ വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും പീറ്റര്‍ ഹെയ്ന്‍ ആക്ഷനും ഒരുക്കി.