തിരുവല്ല ബൈപാസ് നിര്‍മ്മാണത്തിന്റെ പുനരുദ്ധാരണ ഉദ്ഘാടനം ജനുവരി 11 ന്

thiruvalla bypass road

തിരുവല്ല ബൈപാസ് നിര്‍മ്മാണത്തിന്റെ ശേഷിക്കുന്ന പ്രവൃത്തികളുടേയും, എം.സി. റോഡിലെ തിരുവല്ല ടൗണ്‍ ഭാഗത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികളുടേയും ഉദ്ഘാടനം ജനുവരി 11 നു വൈകിട്ട് അഞ്ചിന് തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം മുനിസിപ്പല്‍ ഓപ്പണ്‍ എയര്‍ സ്റ്റേജില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിക്കും. മാത്യു ടി. തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, തിരുവല്ല നഗരസഭ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറയ്ക്കല്‍, ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് വര്‍ക്കേഴ്സ് വെല്‍ഫയര്‍ ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.കെ.അനന്തഗോപന്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സതീഷ് ചാത്തങ്കേരി, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ദിനേശ്, കെ.എസ്.ടി.പി. ചീഫ് എഞ്ചിനിയര്‍ ഡാര്‍ലിന്‍ സി. ഡിക്രൂസ്, സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ എം. അന്‍സാര്‍, എക്സിക്യുട്ടീവ് എഞ്ചിനിയര്‍ സി. രാകേഷ്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഏലിയാമ്മ തോമസ്, റീന ചാലക്കുഴി, ഷാജി തിരുവല്ല, അനു ജോര്‍ജ്്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

രൂപകല്പനയില്‍ സംഭവിച്ച സാങ്കേതിക പിഴവു മൂലവും ആവശ്യം വേണ്ട ഭൂമി ഏറ്റെടുക്കാന്‍ കഴിയാതെ വന്നതു മൂലവുമാണ് തിരുവല്ല ബൈപ്പാസിന്റെ പണികള്‍ നിലച്ചത്. രാമഞ്ചിറയില്‍ നിര്‍ദിഷ്ട ബൈപ്പാസ് ആരംഭിക്കേണ്ടിയിരുന്നിടത്തു നിന്നും തിരുവല്ല – മല്ലപ്പള്ളി റോഡു വരെയുള്ള ഭാഗത്ത്, ഏറെ ഉയരത്തില്‍ മണ്ണിട്ട് ഉയര്‍ത്തി പുതിയ റോഡു നിര്‍മിക്കുവാന്‍ നിര്‍ദേശിക്കപ്പെട്ടിരുന്നുവെങ്കിലും ഇത്രയും ഉയരത്തില്‍ പുതുതായി നിര്‍മിക്കുവാന്‍ ലക്ഷ്യമിട്ട റോഡിന് പാര്‍ശ്വഭിത്തികള്‍ വ്യവസ്ഥ ചെയ്തിരുന്നില്ല. പാര്‍ശ്വഭിത്തികള്‍ ചരിവായി പണിയുന്നതിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുവാനും ലക്ഷ്യമിട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് ചതുപ്പായുള്ള ഭാഗത്ത് മണ്ണിട്ട് ഉയര്‍ത്തി റോഡ് നിര്‍മാണം അപ്രായോഗികമാണെന്ന് പിന്നീട് കണ്ടെത്തിയത്.2014ല്‍ പണികള്‍ ആരംഭിക്കുന്ന ഘട്ടത്തില്‍, ആവശ്യമായിരുന്ന ഭൂമിയുടെ ബഹുഭൂരിഭാഗവും കൈവശമെടുത്തിരുന്നില്ല. പിന്നീട് കൈവശം വന്നു ചേര്‍ന്ന ഭൂമിയില്‍ കുറെ ഭാഗം വസ്തു ഉടമസ്ഥര്‍ക്ക് കോടതി നടപടികളിലൂടെ തിരികെ നല്‍കേണ്ടി വരികയും ചെയ്തു. സാങ്കേതിക പിഴവുകള്‍ കാരണം പണികള്‍ തുടങ്ങുവാന്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ് കരാറുകാരന്‍ തന്നെ ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ചത്. പണിയുവാന്‍ പറ്റാത്ത ബൈപ്പാസ് ആയിരുന്നുവെന്നതിനാല്‍ കരാറുകാരന്റെ ആവശ്യം അംഗീകരിക്കുക മാത്രമേ നിവര്‍ത്തിയുണ്ടായിരുന്നുള്ളു. എന്നാല്‍, പൊതുപണം ചിലവാക്കിയത് പാഴാകാതിരിക്കുന്നതിന്, പണിതിടത്തോളം നഷ്ടമാകാത്ത തരത്തില്‍ പുതിയ ഡിസൈന്‍ തയാറാക്കുവാനാണ് മന്ത്രി ജി. സുധാകരന്‍ നിര്‍ദേശിച്ചത്. തിരുവല്ല – മല്ലപ്പള്ളി റോഡിന് വടക്കുവശത്തായുള്ള ഭാഗം മണ്ണിട്ട് ഉയര്‍ത്തുന്നതിന് പകരം വയാഡക്ട് (ഫ്‌ളൈ ഓവര്‍) ആയി ഡിസൈന്‍ ചെയ്യുവാന്‍ മണ്ണു പരിശോധന അടക്കം വേണ്ടി വന്നു. ഇതു പൂര്‍ത്തീകരിച്ച് കെ എസ് ടി പി യുടെ സ്റ്റീയറിംഗ് കമ്മിറ്റികള്‍ നിരവധി തവണ ചേര്‍ന്ന് എല്ലാ സാങ്കേതിക ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയിട്ടാണ് ലോകബാങ്കിന്റെ അനുമതിയ്ക്ക് അയച്ചത്. ലോകബാങ്കിന്റെ അനുമതി ലഭ്യമായതിനെ തുടര്‍ന്ന് പുതിയ പണികള്‍ക്ക് പുതുതായി ടെണ്ടര്‍ ക്ഷണിച്ചു. ആ ടെണ്ടറിനും ലോകബാങ്കിന്റെ അനുമതി ലഭ്യമാക്കിയാണ് കരാര്‍ ഉറപ്പിച്ചത്. കരാര്‍ തുകയുടെ 10 ശതമാനം കരാറുകാരന്‍ കെ എസ് ടി പിയില്‍ 2018 ഡിസംബറില്‍ തന്നെ കെട്ടിവെച്ചതോടെ ബൈപ്പാസ് പണികള്‍ക്ക് പച്ചക്കൊടിയായി. 37 കോടി രൂപയാണ് നിര്‍മാണ ചെലവ്.