ഹണി ട്രാപ്പില്‍ കുടുങ്ങി പാകിസ്താന്റെ ചാരസംഘടന ഐ.എസ്.ഐക്ക് രഹസ്യരേഖകള്‍ ചോര്‍ത്തിയെന്ന കേസില്‍ വ്യോമസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. വ്യോമസേനാ ആസ്ഥാനത്ത് ജോലി ചെയ്തിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ അരുണ്‍ മര്‍വാഹയെയാണ് (51) പോലീസ് അറസ്റ്റ് ചെയ്തത്. വ്യോമസേനാ ആസ്ഥാനത്തെ പരിശീലനവുമായി ബന്ധപ്പെട്ട രേഖകളുടെ ചിത്രങ്ങളെടുത്ത് വാട്‌സ്ആപ്പ് വഴി െകെമാറുകയായിരുന്നെന്ന് അറസ്റ്റ് സ്ഥിരീകരിച്ച ഡി.സി.പി: പ്രമോദ് കുഷ്‌വാഹ് പറഞ്ഞു. സംശയകരമായ പെരുമാറ്റത്തെത്തുടര്‍ന്ന് അരുണ്‍ മര്‍വാഹയെ വ്യോമസേന ജനുവരി 31 നു കസ്റ്റഡിയിലടുത്തിരുന്നു. കഴിഞ്ഞ ഡിസംബറില്‍ മോഡലുകളെന്ന വ്യാജേന രണ്ട് ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ വഴിയാണ് ഐ.എസ്.ഐ. ഏജന്റുമാര്‍ മര്‍വാഹയെ കെണിയില്‍ വീഴ്ത്തിയത്. ലൈംഗികച്ചുവയുള്ള സംഭാഷണങ്ങളിലൂടെ അടുപ്പം സ്ഥാപിച്ചശേഷം രഹസ്യരേഖകള്‍ കൈക്കലാക്കുകയായിരുന്നു. മര്‍വാഹ പണം വാങിയതായി ഇതുവരെ തെളിവില്ലെന്നു പോലീസ് പറഞ്ഞു.
പരിശീലനത്തിന്റെയും ഗഗന്‍ ശക്തി എന്ന പേരിലുള്ള വ്യോമാഭ്യാസ പ്രകടനത്തിന്റെയും രേഖകളാണു ചോര്‍ന്നത്. വ്യോമാഭ്യാസത്തിന്റെ രേഖകളും ചോര്‍ന്നു. പട്യാല ഹൗസിലെ കോടതിയില്‍ ഹാജരാക്കിയ മര്‍വാഹയെ അഞ്ചു ദിവസത്തേക്കു പോലീസ് കസ്റ്റഡിയില്‍ വിട്ടു.വിവരങ്ങള്‍ ചോര്‍ത്തിയ പാകിസ്താന്‍കാരെ തിരിച്ചറിയാനും ചോര്‍ന്ന രേഖകളുടെ വിശദാംശങ്ങള്‍ ശേഖരിക്കാനുമുള്ള അന്വേഷണത്തിലാണു പോലീസ്. മര്‍വാഹയുടെ ഫോണ്‍ പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. ഔദ്യോഗിക രഹസ്യനിയമപ്രകാരമാണ് കേസെടുത്തത്.