പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരേ രൂക്ഷ വിമർശനവുമായി കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കർണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം. പ്രധാനമന്ത്രി റിയർ വ്യൂ മിറർ നോക്കിയാണ് വാഹനം ഓടിക്കുന്നതെന്നും അത്തരത്തിൽ സംഭവിച്ചതാണ് നോട്ട് നിരോധനവും ജിഎസ്ടിയുമെന്നും രാഹുൽ പരിഹസിച്ചു. വാഹനം എങ്ങനെ ഓടിക്കണമെന്ന് മോദി വേണമെങ്കിൽ സിദ്ധരാമയ്യ സർക്കാരിനെ മാതൃകയാക്കണമെന്നും കർണാടകയിലെ ബെല്ലാരിയിൽ പൊതുയോഗത്തിൽ സംസാരിക്കവെ രാഹുൽ കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി രാജ്യത്തിന്റെ ഭാവിയെ കുറിച്ച് സംസാരിക്കുന്നില്ല. കർഷകരെ സഹായിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നില്ല. യുവാക്കൾക്കു ജോലി നൽകുന്നതിനെ കുറിച്ചു സംസാരിക്കുന്നില്ല. കോണ്ഗ്രസ് പാർട്ടിയുടെ കഴിഞ്ഞ കാലം സംബന്ധിച്ചു മാത്രമാണ് അദ്ദേഹം സംസാരിക്കുന്നത്. പ്രധാനമന്ത്രിയിൽനിന്നു രാജ്യത്തിന്റെ ഭാവി സംബന്ധിച്ചു കേൾക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നു. കോണ്ഗ്രസ് വാഗ്ദാനങ്ങൾ പൂർത്തീകരിക്കുന്നു. മോദിയുടെ വാക്കുകൾ പൊള്ളയാണ്. വാക്കിൽ അദ്ദേഹം ഉറച്ചുനിൽക്കുന്നില്ല- രാഹുൽ പറഞ്ഞു. നിങ്ങളോട് കള്ളം പറയുന്നവരെ എന്തിന് വിശ്വസിക്കുന്നു അതുകൊണ്ട് നിങ്ങൾ എന്തുനേടാൻ- കർണാടകയിലെ ജനങ്ങളോടായി രാഹുൽ ചോദിച്ചു.
നാലു ദിനത്തെ സന്ദർശനമാണ് രാഹുൽ പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ കർണാടകയിൽ നടത്തുന്നത്. പൊതുയോഗങ്ങൾക്കും റോഡ് ഷോയ്ക്കും പുറമേ ക്ഷേത്രങ്ങൾ, മഠങ്ങൾ, ദർഗകൾ എന്നിവിടങ്ങളിലും രാഹുൽ സന്ദർശനം നടത്തും. ആദിവാസി മേഖലകളിലും രാഹുൽ പ്രചാരണം നടത്തുമെന്നാണു റിപ്പോർട്ടുകൾ.