ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരായി നല്‍കിയ ബലാത്സംഗക്കേസ് അവസാനിക്കുന്നത് വരെ കുറവിലങ്ങാട് മഠത്തില്‍ തുടരാന്‍ ജലന്ധര്‍ രൂപത അനുമതി നല്‍കിയതായി സിസ്റ്റര്‍ അനുപമ. നീതികിട്ടുന്നത് വരെ സമരത്തില്‍ നിന്ന് പിന്‍മാറില്ല. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയോ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയോ ഇറങ്ങി തിരിച്ചതല്ല. ജീവിതം തകര്‍ന്ന് വീണു പോയ ഞങ്ങളുടെ സഹോദരിക്ക് വേണ്ടി ഒരുമിച്ചുനിന്നു. എന്തുവന്നാലും ആ സഹോദരിക്കൊപ്പം ചേര്‍ന്ന് നില്‍ക്കാനാണ് ഞങ്ങളുടെ തീരുമാനമെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു. കോട്ടയത്തെ തിരുനക്കര മൈതനായില്‍ സേവ് ഔര്‍ സിസ്‌റ്റേഴ്‌സ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇനി ഇത്തരത്തിലുള്ള ഒരു അനുഭവം മറ്റൊരാള്‍ക്കും ഉണ്ടാകരുത്. ഈ സമൂഹത്തിന് വേണ്ടിക്കൂടിയാണ് ഞങ്ങള്‍ ഒറ്റപ്പെടുന്നത്. ഈ നാളുകളില്‍ ഞങ്ങളെ അലട്ടിയ വലിയ പ്രശ്‌നം മഠം വിട്ട് പോകാന്‍ പറഞ്ഞതാണ്. നീതി ബോധമുള്ള പൊതുസമൂഹവും മാധ്യമങ്ങളും നല്‍കിയ പിന്തുണകൊണ്ട് കേസ് തീരുന്നത്‌വരെ കുറവിലങ്ങാട് മഠത്തില്‍ തുടരാന്‍ ജലന്ധര്‍ രൂപതാ അഡ്‌മിനിസ്‌റ്റേറ്റര്‍ അനുവദിച്ചെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു. കുറവിലങ്ങാട് മഠത്തില്‍ നിന്ന് സിസ്റ്റര്‍ ജോസഫൈന്‍, സിസ്റ്റര്‍ ആല്‍ഫി, സിസ്റ്റര്‍ അനുപമ, സിസ്റ്റര്‍ നീനു റോസ് എന്നിവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നുണ്ട്.സമരത്തില്‍ പങ്കെടുത്ത കന്യാസ്‌ത്രീമാരെ സ്ഥലം മാറ്റിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കുറവിലങ്ങാട് മഠത്തില്‍ നിന്നുള്ള കന്യാസ്‌ത്രീമാരെ ജലന്ധര്‍ ഉള്‍പ്പടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് മാറ്റിയായിരുന്നു സഭയുടെ പ്രതികാരനടപടി. എന്നാല്‍ നടപടി വന്‍ വിവാദമായതോടെയാണ് സ്ഥലം മാറ്റ ഉത്തരവ് തല്‍ക്കാലം രൂപതാ അഡ്‌മിനിസ്‌ട്രേറ്റര്‍ മരവിപ്പിച്ചത്.
കന്യാസ്ത്രീകൾക്ക് കുറവിലങ്ങാട് മഠത്തില്‍ തുടരാന്‍ ജലന്ധര്‍ രൂപത അനുമതി നല്‍കി
RELATED ARTICLES