തെരഞ്ഞെടുപ്പില്‍ മഹാസഖ്യം പ്രായോഗികമല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രതീക്ഷ തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തിലാണെന്നും അദ്ദേഹം പറഞ്ഞു. പൊളിറ്റ് ബ്യൂറോ യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി നയങ്ങളെക്കുറിച്ച് യെച്ചൂരി സംസാരിച്ചത്. അഖിലേന്ത്യ സഖ്യം സാധ്യമല്ലെന്ന പറഞ്ഞ യെച്ചൂരി മാര്‍ച്ച് മൂന്നിനും നാലിനും ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ സംസ്ഥാന സഖ്യങ്ങള്‍ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും വ്യക്തമാക്കി. ബംഗാളില്‍ ഇടത് മുന്നണി മത്സരിക്കുമെന്നും ഇടത് സ്ഥാനാര്‍ഥികള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ബിജെപി, തൃണമൂല്‍ സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ ആഹ്വാനം ചെയ്യുമെന്നും പറഞ്ഞ അദ്ദേഹം ഭരണ കക്ഷികളുമായി സഖ്യം ഉണ്ടാക്കില്ലെന്നതാണ് പാര്‍ട്ടി നയമെന്നും പറഞ്ഞു.
ഏതു തരത്തിലാണ് പ്രചാരണം എന്നത് സംസ്ഥാന ഘടകം തീരുമാനിക്കുമെന്നും യെച്ചൂരി പറഞ്ഞു. പാര്‍ലമെന്റ് സെന്റര്‍ ഹാളില്‍ രാഹുല്‍ ഗാന്ധിയുമായി കാപ്പി കുടിച്ചതിന്റെ അര്‍ത്ഥം സീറ്റ് വിഭജന ചര്‍ച്ച നടന്നു എന്നല്ലെന്നു പറഞ്ഞ സെക്രട്ടറി ബംഗാളില്‍ ഇതുവരെയും ഇടത് പാര്‍ട്ടികള്‍ക്കിടയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും അവര്‍ ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും പറഞ്ഞു.
വിജയ സാധ്യതയുള്ള എംപിമാര്‍ക്ക് രണ്ടു ടെം വ്യവസ്ഥയില്‍ ഇളവ് നല്‍കാനും സിപിഎം പിബി തീരുമാനിച്ചിട്ടുണ്ട്. രണ്ടു തവണ എംപിയായവര്‍ വീണ്ടും മത്സരിക്കേണ്ടെന്ന വ്യവസ്ഥയില്‍ തട്ടി വിജയ സാധ്യതയുള്ളവര്‍ പുറത്ത് പോകാരുതെന്നാണ് സിപിഎം പോളിറ്റ് ബ്യുറോ വ്യക്തമാക്കുന്നത്. രണ്ടു ടെം വ്യവസ്ഥ രാജ്യസഭയിലേക്കാണ്. ലോക്‌സഭ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ പൊതുവെ ഈ വ്യവസ്ഥ പരിഗണിക്കാറുണ്ടെങ്കിലും മണ്ഡലത്തിലെ സാഹചര്യം പരിഗണിച്ച് ഇളവ് നല്‍കുമെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു.റഫാല്‍ ഇടപാടില്‍ അന്വേഷണത്തിനായി ജെപിസി രൂപീകരിക്കണമെന്നാവശ്യപ്പെട്ട സിപിഎം കാര്‍ഷിക പ്രതിസന്ധിക്കൊപ്പം തൊഴില്‍ ഇല്ലായ്മയ്ക്കും എതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ തീരുമാനിച്ചു. പശു കശാപ്പ് നടത്തിയവര്‍ക്ക് എതിരെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ദേശീയ സുരക്ഷാ നിയമം ഉപയോഗിച്ചത് അപലപനീയമാണെന്നും നടപടി പിന്‍വലിക്കണം യെച്ചൂരി ആവശ്യപ്പെട്ടു.
പശ്ചിമ ബംഗാളില്‍ സി.പി.ഐ.എമ്മുമായി ധാരണയ്ക്ക് തയ്യാറാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് സഖ്യ സാധ്യത നിലനില്‍ക്കുന്നതായി പി.സി.സി അ്‌യക്ഷന്‍ സോമേന്ദ്രനാഥ് മിത്ര വ്യക്തമാക്കി.