Thursday, April 25, 2024
HomeInternationalഉത്തര കൊറിയ ‘ശക്തമായ നടപടി’യെടുത്താലെ കിമ്മുമായി ചർച്ചയുള്ളൂ: യുഎസ്...

ഉത്തര കൊറിയ ‘ശക്തമായ നടപടി’യെടുത്താലെ കിമ്മുമായി ചർച്ചയുള്ളൂ: യുഎസ്…

ഉത്തര കൊറിയ ‘ശക്തമായ നടപടികൾ’ എടുക്കും വരെ കിം ജോങ് ഉന്നുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സംസാരിക്കില്ലെന്ന് വൈറ്റ് ഹൗസ്. ചർച്ചയ്ക്കു തയാറാണെന്ന കിമ്മിന്റെ പ്രസ്താവന പെട്ടെന്നു സ്വീകരിച്ചതിനെതിരെ ശക്തമായ വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണു യുഎസിന്റെ വിശദീകരണം. ചർച്ച നടത്തുന്നതിനു മുൻപ് ഉത്തര കൊറിയ, വിഷയത്തിൽ കാര്യമായ നടപടിയെടുക്കണം, വൈറ്റ് ഹൗസ് വക്താവ് സാറാ സാൻ‍ഡേഴ്സ് അറിയിച്ചു. ചർച്ചകൾക്കു തയാറാണെന്ന കിമ്മിന്റെ ക്ഷണത്തെ അത്രപെട്ടെന്നു സ്വീകരിക്കുന്നത് കിമ്മിന് രാജ്യാന്തര തലത്തിൽ പ്രവേശനം നൽകുകയാണെന്നാണ് വിമർശനം ഉയർന്നത്. ആണവ നിരായുധീകരണത്തിന് നടപടികൾ സ്വീകരിച്ചാൽ മാത്രമേ കിമ്മുമായി ചർച്ച നടത്തേണ്ടതുള്ളെന്നാണ് രാജ്യാന്തര തലത്തിലെ അഭിപ്രായം.അതേസമയം, എന്തുനടപടിയാണ് ഉത്തര കൊറിയ എടുക്കേണ്ടതെന്ന് സാൻഡേഴ്സ് വ്യക്തമാക്കിയില്ല. ചർച്ചകൾക്കായി പ്രത്യേക നിബന്ധനകൾ വയ്ക്കുകയായിരുന്നില്ല സാൻഡേഴ്സ് ചെയ്തതെന്നു വൈറ്റ് ഹൗസ് വൃത്തങ്ങൾ പിന്നീട് അറിയിച്ചു. എന്നാൽ ഉത്തര കൊറിയയുടെ അണ്വായുധ പദ്ധതിയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ‘അകലംപാലിക്കൽ’ ഉടനടി അവസാനിക്കില്ലെന്ന സൂചനയാണ് സാൻഡേഴ്സിന്റെ പ്രസ്താവനയോടെ വന്നിരിക്കുന്നത്.അതിനിടെ, ഉത്തര കൊറിയയുമായി രൂപീകരിക്കേണ്ട കരാറുകളും മറ്റും തയാറാക്കുകയാണെന്നും ലോകത്തിന് ഏറ്റവും മികച്ചവയാണ് ഉണ്ടാക്കുന്നതെന്നും ട്വിറ്ററിലൂടെ വ്യക്തമാക്കിയ പ്രസിഡന്റ് ട്രംപ് പക്ഷേ, കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ല. ഉത്തര കൊറിയയുടെ ആണവ നിരായുധീകരണവും മിസൈൽ പദ്ധതികൾ ഉപേക്ഷിക്കുന്നതും ലക്ഷ്യമിട്ടു ചർച്ചകൾക്കു തയാറാണെന്ന നിലപാടാണ് യുഎസ് പുലർത്തിയിരുന്നത്.ഹൈഡ്രജൻ ബോംബ്, ബാലിസ്റ്റിക് മിസൈൽ തുടങ്ങിയ പരീക്ഷണങ്ങൾ നടത്തി കിം ജോങ് ഉൻ ലോകരാജ്യങ്ങളെ വെല്ലുവിളിച്ചിരുന്നു. ഇതിനു പിന്നാലെ ശക്തമായ ഉപരോധ നടപടികളുമായി ഐക്യരാഷ്ട്ര സംഘടനയും രംഗത്തെത്തിയിരുന്നു. എന്നാൽ ദക്ഷിണ കൊറിയയിൽ നടന്ന ശീതകാല ഒളിംപിക്സോടെ മഞ്ഞുരുകുകയായിരുന്നു. തുടർന്ന് ട്രംപുമായി ചർച്ചകൾക്കു തയാറാമെന്ന് കിം വ്യക്തമാക്കുകയായിരുന്നു. കാര്യങ്ങൾ എല്ലാം മികച്ചരീതിയിൽ മുന്നോട്ടുപോകുകയാണെങ്കിൽ മേയ് മാസത്തിൽ ഇരുവരും തമ്മിൽ ചർച്ചയുണ്ടാകുമെന്നാണ് കരുതുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments