ഉത്തര്‍പ്രദേശില്‍ ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധം നടത്തിയ സ്ത്രീകളെ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വപ്ന പദ്ധതിയെന്ന പേരില്‍ ആരംഭിച്ച സി.എം കോള്‍സെന്ററില്‍ ജോലി ചെയ്യുന്ന തൊഴിലാളി സ്ത്രീകളാണ് കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി നല്‍കിയത്. ഇവരെ ആരോഗ്യം മോശമായതിനെ ത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാലു മാസത്തോളം കാലമായി തങ്ങള്‍ക്ക് ശമ്പളം ലഭിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു.ഇതേത്തുടര്‍ന്നാണ് സമരം പ്രഖ്യാപിച്ചത്. പ്രതിഷേധം അവസാനിപ്പിക്കാനായി അധികൃതര്‍ തങ്ങളെ സമീപിച്ചിരുന്നു. വെള്ള പേപ്പറില്‍ ഒപ്പിടാന്‍ പറഞ്ഞെങ്കിലും ഞങ്ങള്‍ വിസമ്മതിച്ചു.അവര്‍ തന്ന കാപ്പി കുടിച്ചതോടെയാണ് ശാരീരികാശ്വസ്ഥത അനുഭവപ്പെട്ടതെന്നും സമരം ചെയ്യുന്ന സ്ത്രീകള്‍ പറയുന്നു. യോഗിയുടെ സ്വപ്‌ന പദ്ധതിയായാണ് 1076 എന്ന സി.എം ഹെല്‍പ് ലൈന്‍ ആരംഭിച്ചത്. ഇതുവരെയും ശമ്പളമൊന്നും ലഭിച്ചിട്ടില്ലെന്നും ആരംഭിച്ചതു മുതലുള്ള ശമ്പളം ലഭിക്കാനുണ്ടെന്നാണ് ഇവര്‍ പറയുന്നത്.