ലോക്‌സഭയിലെത്താനുള്ള പിജെ ജോസഫിന്റെ മോഹത്തിന് തിരിച്ചടി

pj joseph

ലോക്‌സഭയിലെത്താനുള്ള പിജെ ജോസഫിന്റെ മോഹത്തിന് തിരിച്ചടി .കേരളാ കോണ്‍ഗ്രസില്‍ നിന്നും മത്സരിക്കുന്നത് മാണി വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെന്ന് റിപ്പോർട്ട്. പിജെ ജോസഫിന്റെ സ്ഥാനാന്‍ത്ഥി മോഹത്തിന് കേരളാ കോണ്‍ഗ്രസിലെ എംഎല്‍എമാരും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. കേരള കോൺഗ്രസിന് ഒരു സീറ്റ് മതിയെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്‌. 2 സീറ്റ് ആദ്യം മുതൽതന്നെ പാർട്ടി ചോദിക്കുന്നുണ്ട്. കേരള കോൺഗ്രസിന് അതിനുള്ള അർഹതയുണ്ട്. കേന്ദ്രത്തിൽ സിംഗിൾ പാർട്ടി എന്നത് തിരഞ്ഞെടുപ്പിനു ശേഷം നിർണായകമാകുന്ന വിഷയമാണ്. കോൺഗ്രസിന്റെ ആവശ്യം അംഗീകരിക്കുന്നു. അതുകൊണ്ട് കേരള കോൺഗ്രസ് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മൽസരിക്കുമെന്ന് ഡപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ് പറഞ്ഞു. കോട്ടയമാണ് കേരള കോൺഗ്രസിന്റെ സിറ്റിങ് സീറ്റ്. മൂന്ന് മണിക്കാണ് സ്റ്റിയറിങ് കമ്മിറ്റി യോഗം. അതിനു ശേഷം തീരുമാനമെടുക്കും. എല്ലാ കാര്യങ്ങളിലും ഒറ്റക്കെട്ടായാണു പോകുന്നത്. അത് അങ്ങനെ തന്നെ പോകുമെന്നാണു വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. ഇന്നു ചേർ‌ന്ന കേരള കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ വിശദമായ ചർച്ച തന്നെ നടന്നു. മൽസരിക്കാൻ താൽപര്യമുണ്ടെന്ന് പി.ജെ. ജോസഫ് നേരത്തേ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിക്ക് ലഭിക്കുന്ന ഏകസീറ്റില്‍ മത്സരിക്കാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു പി.ജെ. ജോസഫ്. എന്നാല്‍ പി.ജെ. ജോസഫിന്‍റെ അവകാശവാദങ്ങള്‍ അംഗീകരിക്കാതെ മാണി ഗ്രൂപ്പ് മറുപക്ഷത്തുണ്ട്. പരസ്യമായി സീറ്റ് ആവശ്യപ്പെട്ടത് അച്ചടക്ക ലംഘനമാണെന്ന് മാണി വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഗ്രൂപ്പിന്‍റെ പേരിലല്ല മറിച്ചു വർക്കിങ് ചെയർമാൻ എന്ന നിലയിൽ സീറ്റു വേണമെന്നാണ് പി.ജെ. ജോസഫിന്‍റെ ആവശ്യം.അതേസമയം മാണി വിഭാഗം തട്ടകമായ കോട്ടയം സീറ്റില്‍ തന്നെ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പതില്‍ പിജെ ജോസഫിനെ മാണി വിഭാഗം അതൃപ്തി അറിയിക്കുകയും ചെയ്തു.സീറ്റില്ലെന്ന കാര്യം ഉറപ്പായതോടെ പിജെ ജോസഫ് കടുത്ത പ്രതിഷേധത്തിലാണ്. എന്നാല്‍ കേരളാ കോണ്‍ഗ്രസിനെ ക്ഷീണിപ്പിക്കുന്ന തരത്തിലുള്ള നിലപാടുകള്‍ ഒന്നും സ്വീകരിക്കരുതെന്ന് ജോസഫിനോട് ജോസഫ് വിഭാഗം നേതാക്കള്‍ തന്നെ ആവശ്യപ്പെട്ടതായാണ് സൂചന. ജോസഫിനെ അനുനയിപ്പിപ്പിച്ച് പാര്‍ട്ടിക്കൊപ്പം നിര്‍ത്താന്‍ മുന്‍കൈ എടുക്കുന്നതും ജോസഫ് വിഭാഗം നേതാക്കള്‍ തന്നെയാണ് .