തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനായി ഭീകരാക്രമണം രാജ്യത്തുണ്ടാകുമെന്ന് രാജ് താക്കറെ

RAJNATH SINGH

ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ പുല്‍വാമ ഭീകരാക്രമണത്തിന് സമാനമായ മറ്റൊരു ഒരു ആക്രമണം രണ്ടു മാസത്തിനുള്ളില്‍ രാജ്യത്തുണ്ടാകുമെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ (എം.എന്‍.എസ്) അധ്യക്ഷന്‍ രാജ് താക്കറെ. മുംബൈയില്‍ എംഎന്‍എസിന്റെ 13-ാം വാര്‍ഷിക ദിനാചരണത്തില്‍ സംസാരിക്കുകയാണ് രാജ് താക്കറെ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനായി മറ്റൊരു ആക്രമണമുണ്ടാകുമെന്ന് പറഞ്ഞത്. “എന്റെ വാക്കുകള്‍ ഓര്‍ത്തു വെച്ചോളൂ. പുല്‍വാമക്ക് സമാനമായ ഒരു ആക്രമണം രണ്ടു മാസത്തിനുള്ളില്‍ രാജ്യത്ത് ഉണ്ടാകും. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വേളയിലായിരിക്കുമിത്. പിന്നെ വീണ്ടും ദേശസ്‌നേഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയരും.” നരേന്ദ്ര മോഡി സര്‍ക്കാര്‍ എല്ലാ കാര്യത്തിലും പരാജയപ്പെട്ടതിനെ തുടര്‍ന്ന് ജനങ്ങളെ അവരുടെ എല്ലാ പ്രശ്നങ്ങളില്‍ നിന്നും വഴിതിരിച്ച്‌ മാറ്റി ദേശസ്നേഹത്തിലേക്ക് മാത്രം കൊണ്ടു വരാനായിട്ടായിരിക്കും നീക്കം നടക്കുന്നതെന്നും താക്കറെ പറഞ്ഞു. 2015ല്‍ നാല് സംസ്ഥാനങ്ങളിലേക്കുളള നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ട സമയമായപ്പോഴായിരുന്നു പത്താന്‍കോട്ടില്‍ ഭീകരാക്രമണം ഉണ്ടായതെന്നും താക്കറെ പറഞ്ഞു.