കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോഡിയെ കയ്യില്‍ ലഭിച്ചാല്‍ പണം വീണ്ടെടുത്ത് പൊതുജനങ്ങള്‍ക്ക് നല്‍കുമെന്ന് രാഹുല്‍ ഗാന്ധി. ഒരു വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്ന നീരവ് മോഡി ലണ്ടനില്‍ ആഡംബര ജീവിതം നടത്തിക്കൊണ്ടിരിക്കുന്നുവെന്ന മാധ്യമ റിപ്പോര്‍ട്ട് വന്നതിന് തൊട്ടു പിന്നാലെ തെലങ്കാനയില്‍ നടന്ന പൊതു സമ്മേളനത്തിലായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രസ്താവന. “നരേന്ദ്ര മോഡി നീരവ് മോഡിയുടെ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തു കൊടുത്തു. പക്ഷേ ഞങ്ങള്‍ പണം പാവപ്പെട്ടവരുടെ അക്കൗണ്ടിലേക്ക് നല്‍കും. നീരവ് മോഡിയെ ഞങ്ങള്‍ക്ക് കിട്ടിയാല്‍ അയാളുടെ പണം നിങ്ങള്‍ക്ക് നല്‍കും.”
കഴിഞ്ഞ അഞ്ചു വര്‍ഷമായി മോഡി രണ്ട് ഇന്ത്യയെ നിര്‍മിക്കുകയായിരുന്നു. ഒന്ന് അനില്‍ അംബാനിയെ പോലെ സ്വന്തം വിമാനത്തില്‍ സഞ്ചരിക്കുന്ന സമ്ബന്നര്‍ക്ക്, രണ്ട് രാജ്യത്തെ പാവപ്പെട്ട കര്‍ഷകര്‍ക്ക്. അവര്‍ തൊഴു കൈകളോടെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ട് കടബാധ്യത എഴുതി തള്ളാന്‍ പറയുമ്ബോള്‍ അദ്ദേഹം അതിന് പദ്ധതികളൊന്നുമില്ലെന്ന് പറയുകയായരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒരു മിനിമം വരുമാനം നിശ്ചയിക്കും അതില്‍ താഴെ വരുമാനമുള്ളവര്‍ക്കായിരിക്കും പദ്ധതിയുടെ ഗുണം ലഭിക്കുക. അത്തരക്കാരെ കണ്ടെത്തി കോണ്‍ഗ്രസ് നേരിട്ട് വരുമാനം അക്കൗണ്ടിലേക്ക് നല്‍കുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.