Friday, March 29, 2024
HomeCrimeനന്തന്‍കോട് കൂട്ടക്കൊലയ്ക്ക് ഉത്തരവാദി കേദല്‍ ജീന്‍സെന്‍

നന്തന്‍കോട് കൂട്ടക്കൊലയ്ക്ക് ഉത്തരവാദി കേദല്‍ ജീന്‍സെന്‍

നന്തന്‍കോട് കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയെന്നു സംശയിക്കുന്ന കേദല്‍ ജീന്‍സെന്‍ പോലിസിന്റെ പിടിയിലായി.
റെയില്‍വേ പോലിസാണ് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഇയാളെ പിടികൂടിയത്. സംഭവം നടന്ന ശേഷം ചെന്നൈയിലേക്ക് കടന്ന കേദല്‍ കേരളത്തിലേക്ക് തിരിച്ചു വരികയായിരുന്നു.
ഇയാള്‍ ഒളിവില്‍ പോയതായി സംശയിക്കുന്ന സമീപ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ ഇ ബൈജുവിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം സിറ്റി ഷാഡോ പോലിസാണ് അന്വേഷണം നടത്തുന്നത്.
വീട്ടില്‍നിന്ന് ലഭിച്ച നാലു മൊബൈല്‍ ഫോണുകളും ഒരു കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കും പോലിസ് പരിശോധിക്കുകയാണ്. കേഡല്‍ തന്റെ മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചശേഷമാണ് കടന്നുകളഞ്ഞത്. ഇത് അന്വേഷണത്തിന് തിരിച്ചടിയായെങ്കിലും ഇയാളെ പിടികൂടാന്‍ കഴിഞ്ഞതോടെ സംഭവത്തിന് പിന്നിലെ ചുരുള്‍ അഴിയുമെന്നാണ് കരുതുന്നത്്.
കൊലപാതകം ആസൂത്രിതമായും വ്യക്തമായ പദ്ധതിയോടെയും നടത്തിയതാണെന്ന നിഗമനത്തിലാണു പോലിസ്. കൃത്യം നടന്ന വീട്ടില്‍നിന്നു ലഭിച്ച തെളിവുകളും അതിനെ സാധൂകരിക്കുന്നതാണെന്നു പോലിസ് പറയുന്നു. കൂട്ട ആത്മഹത്യയാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ സ്വന്തം ഡമ്മിയും ഉണ്ടാക്കി കേഡല്‍ കത്തിച്ചു. വീട്ടില്‍ നിന്ന് മഴു, പെട്രോള്‍നിറച്ച കന്നാസ് എന്നിവ പോലിസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കൊലപാതകം നടത്തിയത് കേഡല്‍ തന്നെയാണോ എന്നകാര്യം ഇതുവരെ പോലിസ് സ്ഥിരീകരിച്ചിട്ടില്ല. ഇയാള്‍ ഒറ്റയ്ക്കാണോ നാലുപേരെ കൊന്നതെന്നതും വ്യക്തമല്ല. ശനിയാഴ്ച രാത്രി തമ്പാനൂരിലെത്തിയ കേദല്‍ ഇവിടെ നിന്ന് രക്ഷപെടുകയായിരുന്നുവെന്ന്് പോലിസിന് സൂചന ലഭിച്ചിരുന്നു . കേരള-തമിഴ്‌നാട് അതിര്‍ത്തിയിലുള്ള ഇവരുടെ കൃഷിസ്ഥലത്ത് ഇയാള്‍ ഒളിച്ചുതാമസിക്കാന്‍ സാധ്യതയുണ്ടെന്ന് കരുതി അവിടെയും തിരച്ചില്‍ നടത്തി. ഇയാള്‍ രാജ്യം വിട്ടിരിക്കാനുള്ള സാധ്യതയും പോലിസ് കണക്കിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതോടെ എന്തിന് കൊലപാതകം നടത്തിയെന്നതിന് പുറമേ ഇത്രവലിയ കൊലപാതകം എങ്ങനെ ആസൂത്രണം ചെയ്തു എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുമെന്നാണ് കരുതപ്പെടുന്നത്്്.
കൊല നടത്തിയ ശേഷം മൃതദേഹങ്ങള്‍ വെട്ടിമുറിച്ചുവെന്നാണ് പോലിസ് നിഗമനം. പല ദിവസങ്ങളിലായി നടത്തിയ ആസൂത്രണത്തിന് ഒടുവിലാണ് കൃത്യം നടത്തിയതെന്നാണു പോലിസ് കരുതുന്നത്.
ഞായറാഴ്ച പുലര്‍ച്ചെയാണ് ദമ്പതികളും മകളും അടക്കം ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡോ.ജീന്‍ പത്മ (58), ഭര്‍ത്താവ് റിട്ട.പ്രഫ. രാജതങ്കം (60), മകള്‍ കരോലിന്‍ (26), ഡോ. ജീന്‍പത്മയുടെ മാതൃസഹോദരി ലളിത (70) എന്നിവരെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേതു കിടക്കവിരിയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. മരിച്ച നാലുപേരുടെയും മൃതദേഹങ്ങള്‍ പാളയം എല്‍എംഎസ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. മരിച്ച ദമ്പതികളുടെ മകനാണ് കൊലയാളിയെന്നു സംശയിക്കുന്ന കേദല്‍.

RELATED ARTICLES
- Advertisment -

Most Popular

Recent Comments