ശ്വാസകോശത്തില്‍ അണുബാധ;ദലൈലാമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

dhali lama

ശ്വാസകോശത്തില്‍ അണുബാധയെത്തുടര്‍ന്ന് ദലൈലാമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ദലൈലാമയെ ഡല്‍ഹിയിലെ ആശുപത്രിയിലാക്കിയെന്ന വിവരം കാംഗ്ര പൊലീസ് സൂപ്രണ്ടാണ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച്ച നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം അസ്വസ്ഥത പ്രകടിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശ്വാസകോശത്തില്‍ അണുബാധയുണ്ടെന്ന് കണ്ടെത്തുകയും വിദഗ്ധ ചികിത്സക്കായി ഡല്‍ഹിയിലേക്ക് അയക്കുകയുമായിരുന്നു. എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ദലൈലാമയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. കാംഗ്ര വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തിലാണ് അദ്ദേഹം ഡല്‍ഹിയില്‍ എത്തിയത്.

ടിബറ്റില്‍ നിന്ന് പലായനം ചെയ്ത് ഇന്ത്യയില്‍ അഭയം തേടിയ 83 കാരനായ ദലൈലാമ ഹിമാചല്‍ പ്രദേശിലാണ് കഴിയുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളായി ഒരു സെമിനാറുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഉണ്ടായിരുന്ന അദ്ദേഹം തിങ്കളാഴ്ച്ചയാണ് ധര്‍മശാലയിലേക്ക ്തിരികെ പോയത്. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം കഴിഞ്ഞ കുറെ മാസങ്ങളായി ദലൈലാമയുടെ വിദേശയാത്രകളും പൊതുപരിപാടികളും വെട്ടിക്കുറച്ചിരുന്നു.