പിടിച്ചെടുത്തത് മാരകായുധങ്ങളെന്ന് പോലീസ്; പണിയായുധങ്ങളെന്നു മുഖ്യമന്ത്രി

maharajas

മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിയമസഭയില്‍ അവകാശ ലംഘനത്തിനു നോട്ടിസ്. മഹാരാജാസ് കോളജില്‍നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്ത സംഭവത്തില്‍ മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ചാണ് പ്രതിപക്ഷം അവകാശലംഘനത്തിന് നോട്ടിസ് നല്‍കിയത്. പി.ടി. തോമസും ഹൈബി ഈഡനുമാണ് അവകാശലംഘന നോട്ടിസ് നല്‍കിയത്.

ഗാര്‍ഹികമോ, കാര്‍ഷികമോ അല്ലാത്തതായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെട്ടുകത്തിയും അറ്റത്ത് തുണി ചുറ്റിയ ഇരുമ്പുപൈപ്പുകളും പിടിച്ചെടുത്തവയില്‍ ഉണ്ടെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആയുധനിയമ പ്രകാരമാണ് കേസെടുത്തതെന്നും പൊലീസ് പറയുന്നു. മുഖ്യമന്ത്രി സഭയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ സത്യവിരുദ്ധമാണെന്നും അതിനാല്‍ അവകാശ ലംഘനത്തിന് മുഖ്യമന്ത്രിക്കെതിരെ നോട്ടീസ് നല്‍കുമെന്നും പിടി തോമസ് എംഎല്‍എ വ്യക്തമാക്കിയിട്ടുണ്ട്.

മഹാരാജാസ് കോളെജില്‍ നിന്നും വടിവാളോ, ബോംബോ പിടിച്ചെടുത്തിട്ടില്ലെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്. കറുത്ത ഫ്‌ളെക്‌സില്‍ പൊതിഞ്ഞ ഇരുമ്പുപൈപ്പുകള്‍, സ്റ്റീല്‍ പൈപ്പ്, വാര്‍ക്കകമ്പികള്‍, ഇരുമ്പ് വെട്ടുകത്തി, കുറുവടി, മുളവടി, പലകക്കഷണങ്ങള്‍ എന്നിവ കണ്ടെത്തിയാണ് പൊലീസ് റിപ്പോര്‍ട്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

മെയ് മൂന്ന് ബുധനാഴ്ചയാണ് മഹാരാജാസ് കോളെജിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തത്. ക്വാര്‍ട്ടേഴ്‌സിലെ മൂന്നു മുറികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാനായി നല്‍കിയിരുന്നു. ഇവിടെ നിന്നുമാണ് രണ്ടു മീറ്ററോളം നീളമുളള നാലു ഇരുമ്പുവടികളും നാലു തടി വടികളും ഒരു ഇരുമ്പ് വാക്കത്തിയും പിടിച്ചെടുത്തത്.

എഫ്‌ഐആറിലെ വിവരങ്ങള്‍ മറച്ചുവച്ച മുഖ്യമന്ത്രി, സഭയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. പിടിച്ചെടുത്തത് വാര്‍ക്കപ്പണിക്ക് ഉപയോഗിക്കുന്ന സാമഗ്രികളാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന, പൊലീസ് അന്വേഷണത്തെ സ്വാധീനിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും ആരോപണമുണ്ട്.