പശുവിന്റെ ‘വിശേഷം’ അറിയാൻ ‘ഗര്‍ഭപരിശോധന കിറ്റിന്’ രൂപംനല്‍കി

cow

പശുവിനു ഗർഭധാരണം നടന്നോ എന്നറിയാൻ  ‘ഗര്‍ഭപരിശോധന കിറ്റിന്’ പാലോട് മുഖ്യരോഗ ഗവേഷകകേന്ദ്രം (ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്) രൂപംനല്‍കി.  പശുമൂത്രത്തില്‍ നിന്ന് ഗര്‍ഭം നിര്‍ണയിക്കാന്‍ കഴിയുന്ന  കിറ്റാണ്   ക്ഷീരകര്‍ഷകര്‍ക്കായി രൂപകൽപന ചെയ്തിരിക്കുന്നത്.

പശുക്കളുടെ മൂത്രം പ്രത്യേകം രൂപകല്‍പ്പന ചെയ്ത സ്ട്രിപ്പിലൂടെ പരിശോധിച്ചാണ് ഗര്‍ഭനിര്‍ണയം നടത്തുന്നത്. പശുവിന്റെ മൂത്രം സ്ട്രിപ്പിലേക്ക് പകരുമ്പോള്‍ ഇതില്‍ രണ്ടു ചുവന്ന വര തെളിഞ്ഞാല്‍ ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കാം. ഒരുവര മാത്രം തെളിഞ്ഞാല്‍ ഗര്‍ഭിണി അല്ലെന്നും അര്‍ഥം. മൂത്രത്തിലെ ആന്റിജനും സ്ട്രിപ്പിലെ ആന്റിബോഡിയും തമ്മിലുള്ള പ്രതിപ്രവര്‍ത്തനത്തിലൂടെയാണ് സ്ട്രിപ്പില്‍ നിറമാറ്റം സാധ്യമാകുന്നത്.

ഗര്‍ഭധാരണം നടക്കുന്ന വേളയില്‍ പശുവിന്റെ മൂത്രത്തില്‍ ആന്റിജന്‍ സാന്നിധ്യം കൂടുതലുണ്ടാകും. ഈ ആന്റിജന്‍ ഏതെന്ന് തിരിച്ചറിഞ്ഞതാണ് പുത്തന്‍ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതില്‍ നിര്‍ണായകമായത്. പശുക്കളുടെ മൂത്രത്തില്‍നിന്ന് ഗര്‍ഭം നിര്‍ണയിക്കുന്ന പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ച ആദ്യ സാങ്കേതികവിദ്യയാണിത്. തലസ്ഥാനത്ത് മൃഗസംരക്ഷണവകുപ്പിനുകീഴിലെ ചെറ്റച്ചല്‍, വിതുര ഫാമുകളിലെ പശുക്കളില്‍ പുതിയ കണ്ടുപിടിത്തം വിജയകരമായി പരീക്ഷിച്ചു.

നിലവില്‍ മൃഗഡോക്ടര്‍മാര്‍ വീടുകളിലെത്തി പശുക്കളെ പരിശോധിച്ചാണ് ഗര്‍ഭനിര്‍ണയം നടത്തുന്നത്. ചാണകം, രക്തം എന്നിവയില്‍നിന്നടക്കം ഗര്‍ഭനിര്‍ണയം നടത്തുന്ന രീതി വികസിപ്പിച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും വ്യാപകമായി പ്രചാരത്തില്‍ ഇല്ല. ചുരുങ്ങിയ സമയത്തില്‍ കൃത്യമായ പരിശോധനഫലം, കുറഞ്ഞ ചെലവ് എന്നിവയാണ് പുതിയ കിറ്റിന്റെ മേന്മ. സര്‍ക്കാര്‍ അനുമതിക്ക് വിധേയമായി ആദ്യം ഫാമുകളിലും മൃഗാശുപത്രികളിലും കിറ്റ് നല്‍കും. പിന്നീട് വ്യാപകമായി നിര്‍മിച്ച് കര്‍ഷകരിലേക്ക് എത്തിക്കും.