പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണമെന്നു രാജസ്ഥാൻ ഹൈക്കോടതി അഭിപ്രായപ്പെട്ടതിന് പിന്നാലെ വിവാദ പ്രസ്‌താവനയുമായി ഹൈദരാബാദ് ഹൈക്കോടതി. പശുവിനെ അമ്മയ്ക്കും ദൈവത്തിനും പകരമായി പരിഗണിക്കുന്നതിൽ തെറ്റില്ലെന്നും വിശുദ്ധമായ ദേശീയ സ്വത്താണ് പശുവെന്നുമാണ് കോടതി പറഞ്ഞു. ജസ്സിറ്റ് ബി ശിവശങ്കര റാവുവാണ് പശുവിനെ അമ്മയ്ക്കും ദൈവത്തിനും പകരമായി കാണുന്നതിൽ തെറ്റില്ലെന്ന് കശാപ്പ് നിരോധനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെ അഭിപ്രായപ്പെട്ടത്. കശാപ്പുമായി ബന്ധപ്പെട്ട് കന്നുകാലി വ്യാപാരി നൽകിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി ഇക്കാര്യത്തില്‍ നിരീക്ഷണം നടത്തിയത്. തെലങ്കാനയിലെയും ആന്ധ്രാ പ്രദേശിലെയും ഗോവധത്തെയും രൂക്ഷമായ ഭാഷയില്‍ കോടതി വിമര്‍ശിച്ചു. ഇവിടെ വെറ്ററിനറി ഡോക്ടർമാർ നല്‍കുന്ന തെറ്റായ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് കശാപ്പ് നടക്കുന്നതെന്നും ജഡ്ജി ബി ശിവശങ്കര്‍ റാവു പറഞ്ഞു.
63 പശുക്കളെയും 2 കാളകളെയും കസ്റ്റഡിയിൽ എടുത്തതുമായി ബന്ധപ്പെട്ട് കന്നുകാലി വ്യാപാരി നൽകിയ ഹർജി തള്ളിയ ഹൈക്കോടതി ആരോഗ്യമുള്ള പശുക്കളെ ബക്രീദിന് കശാപ്പ് ചെയ്യുന്നത് മുസ്ലിം മതവിശ്വാസികളുടെ മൗലികാവകാശമല്ലെന്നും ചൂണ്ടിക്കാട്ടി. ആരോഗ്യമുള്ള പശുക്കളെ കശാപ്പിന് അനുയോജ്യമെന്ന് സാക്ഷ്യപ്പെടുത്തുന്ന മൃഗഡോക്ടർമാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. കാഞ്ചനപ്പള്ളി ഗ്രാമത്തിൽ മേയ്ക്കാൻ കൊണ്ടുവന്നതാണ് 65 കന്നുകാലികളെയും എന്നാൽ ഇവയെ ബക്രീദിന് കശാപ്പു നടത്താനാണെന്ന് ആരോപിച്ചാണ് അധികൃതർ കസ്റ്റഡിയിൽ എടുത്തത്.