മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ലൈംഗികമായി ഉപദ്രവിക്കുന്നുവെന്ന് ഐ.എ.എസ് ഉദ്യോഗസ്ഥ

ganag rape

ഔദ്യോഗിക രേഖകളില്‍ അശ്ലീല കമന്റുകള്‍ എഴുതി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ലൈംഗികമായി ഉപദ്രവിക്കുന്നുവെന്ന് ഹരിയാനയിലെ ഐ.എ.എസ് ഉദ്യോഗസ്ഥയുടെ പരാതി. ഫേസ്ബുക്കിലൂടെയാണ് ഇരുപത്തെട്ടുകാരിയായ ഉദ്യോഗസ്ഥ പരാതി ഉന്നയിച്ചത്. അതേസമയം, പരാതി വ്യാജമാണെന്നും ഔദ്യോഗിക രേഖകളില്‍ തെറ്റ് കണ്ടപ്പോള്‍ തിരുത്തുക മാത്രമാണ് ചെയ്‌തതെന്നും ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. മേയ് 31നാണ് പരാതിക്കാധാരമായ സംഭവം നടന്നത്. തന്നെ ഓഫീസിലേക്ക് വിളിച്ച്‌ വരുത്തിയ ഉദ്യോഗസ്ഥന്‍ മുറിയിലേക്ക് മറ്റാരെയും കടത്തിവിടരുതെന്ന് കീഴ് ജോലിക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ഉദ്യോഗസ്ഥ ആരോപിക്കുന്നു. ഡ‌ിപ്പാര്‍ട്ട്മെന്റിലെ ചില അഴിമതികളെക്കുറിച്ച്‌ താന്‍ ഔദ്യോഗിക രേഖകളില്‍ കുറിച്ചതിനെ സംബന്ധിച്ചായിരുന്നു ആദ്യം സംസാരിച്ചത്. താന്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ വാര്‍ഷിക റിപ്പോര്‍ട്ടില്‍ മോശം അഭിപ്രായം രേഖപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. പുതുപ്പെണ്ണിനെപ്പോലെ ഓരോ കാര്യങ്ങളും താന്‍ വിസ്‌തരിച്ച്‌ തരാമെന്നായിരുന്നു ഉദ്യോഗസ്ഥന്റെ പരാമര്‍ശം. പിന്നീടുള്ള പെരുമാറ്റങ്ങളെല്ലാം മോശമായിരുന്നുവെന്നും ഉദ്യോഗസ്ഥ ഫേസ്ബുക്കില്‍ കുറിച്ചു. തുടര്‍ന്ന് ജൂണ്‍ ആറിന് വീണ്ടും ഓഫീസിലേക്ക് വിളിച്ചു വരുത്തിയ ഉദ്യോഗസ്ഥന്‍ രാത്രി ഏഴ് മണി വരെ അവിടെത്തുടരണമെന്ന് നിര്‍ദ്ദേശിച്ചു. ഇതിന് പിന്നാലെ തനിക്ക് നല്‍കിയിരുന്ന പൊലീസ് സുരക്ഷ പിന്‍വലിക്കുകയും ചെയ്‌തതായും അവര്‍ ആരോപിച്ചു. എന്നാല്‍ ആരോപണങ്ങള്‍ തെറ്റാണെന്നും തെറ്റ് കണ്ടപ്പോള്‍ ഒരു മകളെപ്പോലെ തിരുത്തുക മാത്രമാണ് ചെയ്‌തതെന്നും ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. പരാതിക്കാരിക്ക് വേണ്ടത്ര സൗകര്യങ്ങള്‍ ഒരുക്കാന്‍ തങ്ങള്‍ ശ്രദ്ധിച്ചിരുന്നു. എല്ലാ ഫയലുകളിലും അനാവശ്യ തിരുത്തലുകള്‍ വരുത്തേണ്ടെന്ന് മാത്രമാണ് താന്‍ നിര്‍ദ്ദേശിച്ചത്. വകുപ്പ് മേധാവിയെന്ന നിലയ്‌ക്ക് തനിക്കുണ്ടായിരുന്ന അധികാരങ്ങള്‍ ഉപയോഗിക്കുക മാത്രമാണ് ചെയ്‌തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.