ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും സിങ്കപ്പൂരിൽ കൂടിക്കാഴ്ച നടത്തും

trump

ചര്‍ച്ചക്കായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും സിങ്കപ്പൂരിലെത്തി. ജൂണ്‍ 12നാണ് ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. കിം ജോങ് ഉന്‍ എത്തിയതിന് ശേഷം മണിക്കുറുകള്‍ക്ക് പിന്നാലെ ട്രംപും സിങ്കപ്പൂരിലെത്തി.ചാങ്കി വിമാനത്താവളത്തില്‍ ചൈനീസ് വിമാനത്തിലാണ് കിമ്മും സംഘവും എത്തിയത്. അതേസമയം സിങ്കപ്പൂരിലെ പയാ ലെബാര്‍ വ്യോമസേനാ താവളത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് എത്തിയത്. സെന്റോസ ദ്വീപിലെ റിസോര്‍ട്ടിലാണ് ഇരുവരുടെയും കൂടിക്കാഴ്ച നടക്കുക. ഒരുവര്‍ഷത്തോളം നീണ്ടുനിന്ന തര്‍ക്കങ്ങള്‍ക്ക് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര ചര്‍ച്ചകള്‍ ആരംഭിച്ചതും പിന്നീട് ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്താന്‍ തീരുമാനമായതും. മാസങ്ങള്‍ക്കു മുൻപ് അസാധ്യമെന്ന നയതന്ത്ര നിരീക്ഷകര്‍ കരുതിയിരുന്ന കാര്യമാണ് 12 നടക്കാന്‍ പോകുന്നത്. ലോകശ്രദ്ധയാകര്‍ഷിക്കുന്ന കൂടിക്കാഴ്ചയായതിനാല്‍ കനത്ത സുരക്ഷാ വലയമാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്.