ബാലഭാസ്കറിന്റെ മരണം; കലാഭവന്‍ സോബിക്കെതിരെ വധഭീഷണി, അന്വേഷിക്കണമെന്ന് ഹൈക്കോടതി

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണത്തില്‍ പൊലീസിനു മൊഴി നല്‍കിയ കലാഭവന്‍ സോബിക്കെതിരെ ഉണ്ടായ വധഭീഷണിയെക്കുറിച്ച്‌ അന്വേഷിക്കാന്‍ പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം. തനിക്കെതിരെ വധഭീഷണി സന്ദേശം ലഭിച്ചെന്ന പരാതിയില്‍ പൊലീസ് നടപടിയെടുത്തില്ലെന്നും സുരക്ഷയ്ക്കായി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സോബി ജോര്‍ജ് ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം. വിദേശത്തു നിന്നുള്ള ഏതാനും നമ്ബരുകളില്‍ നിന്നാണ് തന്റെ മൊബൈല്‍ ഫോണിലേയ്ക്കു രണ്ടാഴ്ചയ്ക്കുള്ളില്‍ ‘തട്ടിക്കളയും’ എന്ന് ഭീഷണിപ്പെടുത്തി വിളി വന്നത്. മാത്രമല്ല, തന്റെ സ്റ്റുഡിയോയിലും മറ്റും രാത്രിയില്‍ അജ്ഞാതരായ ചിലര്‍ വന്ന് ഫോട്ടോ പകര്‍ത്തുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് സിസിടിവിയില്‍ നിന്നാണ് വ്യക്തമായത്. തനിക്കെതിരായ ഭീഷണി വിവരവും തന്റെ സ്ഥാപനത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയ ദൃശ്യങ്ങളും ചൂണ്ടിക്കാണിച്ച്‌ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നു സോബി കോടതിയില്‍ ബോധിപ്പിച്ചു. പരാതിക്കാരനു വേണ്ടി അഭിഭാഷകന്‍ ടി.എം. രാമന്‍ കര്‍ത്തയാണ് കോടതിയില്‍ ഹാജരായത്.ബാലഭാസ്‌കര്‍ അപകടത്തില്‍ മരിച്ച ദിവസം സ്ഥലത്തു കൂടി യാത്ര ചെയ്യുമ്ബോള്‍ സ്ഥലത്ത് ഉണ്ടായിരുന്ന ചിലര്‍ രക്ഷാപ്രവര്‍ത്തനത്തിനു തയാറായിരുന്ന തന്നെ നിര്‍ബന്ധിച്ച്‌ പറഞ്ഞയച്ചെന്നും അവിടെനിന്നു രണ്ടു പേര്‍ ഓടി രക്ഷപെടുന്നത് കണ്ടെന്നുമായിരുന്നു സോബി ജോര്‍ജിന്റെ മൊഴി.