ചണ്ഡീഗഡില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ മകളെ വാഹനത്തില്‍ പിന്തുടര്‍ന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന് സമാനമായ സംഭവം ഗുഡ്ഗാവിലും. ഓഫീസില്‍നിന്ന് ജോലി കഴിഞ്ഞ് മടങ്ങിയ 25 കാരിയായ ഐ.ടി ഉദ്യോഗസ്ഥയെ രണ്ടുപേര്‍ മൂന്ന് കിലോമീറ്ററോളം വാഹനത്തില്‍ പിന്തുടര്‍ന്നുവെന്ന് പരാതി. തിങ്കളാഴ്ച അര്‍ധരാത്രിയോടെ യുവതി ഓഫീസില്‍നിന്ന് ഇറങ്ങിയതിന് പിന്നാലെ ആയിരുന്നു സംഭവം.
സ്‌കൂട്ടറില്‍ സഞ്ചരിച്ച തന്നെ രണ്ടുപേര്‍ വാഹനത്തില്‍ പിന്തുടര്‍ന്നുവെന്നാണ് യുവതിയുടെ പരാതി. ഭയന്ന് വിറച്ചുവെങ്കിലും ഒരുതരത്തില്‍ വീട്ടിലെത്താന്‍ കഴിഞ്ഞുവെന്ന് യുവതി പറയുന്നു. എന്നാല്‍ അടുത്ത ദിവസം പോലീസ് സ്‌റ്റേഷനിലെത്തി വിവരം പറഞ്ഞുവെങ്കിലും പരാതി സ്വീകരിക്കാന്‍ പോലീസ് തയ്യാറായില്ല. തങ്ങളുടെ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവമല്ല ഇതെന്ന് പറഞ്ഞാണ് പോലീസ് ഉദ്യോഗസ്ഥര്‍ യുവതിയെ തിരിച്ചയച്ചത്.
ഇതേത്തുടര്‍ന്ന് യുവതി ഗുഡ്ഗാവ് പോലീസ് കമ്മീഷണര്‍ സന്ദീപ് ഖിര്‍വാറുടെ ഓഫീസിലെത്തി പരാതി നല്‍കി. ഇതോടെയാണ് സംഭവത്തില്‍ കേസെടുക്കാന്‍ പോലീസ് തയ്യാറായതെന്ന് യുവതി പറയുന്നു. കാറിലെത്തിയ രണ്ടുപേര്‍ യുവതിയുടെ വാഹനം രണ്ടുതവണ തടയാന്‍ ശ്രമിച്ചുവെന്നാണ് പരാതി. തങ്ങള്‍ക്കൊപ്പം വരണമെന്ന് അവര്‍ ആവശ്യപ്പെടുകയും ചെയ്തു.
സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് അക്രമികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. എന്നാല്‍ തന്നെ പിന്തുടര്‍ന്ന വാഹനത്തിന്റെ നമ്പര്‍ അറിയില്ലെന്നാണ് യുവതി പറയുന്നത്. ചണ്ടിഗഡില്‍ യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ ഹരിയാന ബി.ജെ.പി അധ്യക്ഷന്റെ മകന്‍ വികാസ് ബര്‍ലയും സുഹൃത്തും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത് അടക്കമുള്ള കുറ്റങ്ങള്‍ക്ക് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിലാണ് വികാസ് ബര്‍ല അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.