ഡിജിറ്റല്‍ ഇന്ത്യയിൽ കുട പിടിച്ചു ട്രെയിൻ ഓടിക്കേണ്ട ഗതികേട് ! (video)

0
41


ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ ചോര്‍ന്നൊലിക്കുന്ന ട്രെയിനില്‍ എഞ്ചിന്‍ ഡ്രൈവര്‍ കുടചൂടി ഒറ്റക്കൈ കൊണ്ട് ട്രെയിന്‍ ഓടിക്കുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ധന്‍ബാദ് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.കനത്ത മഴയില്‍ ട്രെയിന്‍ ചോര്‍ന്നൊലിക്കുമ്പോള്‍ ഒരു കയ്യില്‍ കുടയും ഒരു കയ്യില്‍ ട്രെയിനിന്റെ നിയന്ത്രണവുമായി സാഹസികമായാണ് ഇദ്ദേഹം വണ്ടി ഓടിക്കുന്നത്. ബി കെ മൊന്താല്‍ എന്നയാളാണ്, കോച്ചുകളുടെ ദയനീയാവസ്ഥ കാരണം ഈ ഞാണിന്‍മേല്‍ കളിക്ക് നിര്‍ബന്ധിതനായത്.ധന്‍ബാദില്‍ നിന്ന് ആസന്‍സോളിലേക്കുള്ള പാസഞ്ചര്‍ ട്രെയിനാണിത്. ജൂലൈ 25 നാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ ഇത് വ്യാപകമായി പ്രചരിക്കുകയാണ്. കൗതുകം ജനിപ്പിക്കുമെങ്കിലും അത്യന്തം ഗൗരവമാര്‍ന്നതാണ് ഈ ദൃശ്യങ്ങള്‍. നിരവധി പേരുടെ ജീവന്‍ വെച്ച് ഞാണിന്‍മേല്‍ കളി നടത്താന്‍ എഞ്ചിന്‍ ഡ്രൈവര്‍ നിര്‍ബന്ധിതിനാവുകയായിരുന്നു. കോച്ചുകളുടെ ദയനീയാവസ്ഥയെക്കുറിച്ച് ലോക്കോ പൈലറ്റുമാര്‍ പലകുറി പാരാതിപ്പെട്ടെങ്കിലും ബന്ധപ്പെട്ടവരില്‍ നിന്ന് യാതൊരു നടപടികളുമുണ്ടായിട്ടില്ല. ഡിജിറ്റല്‍ ഇന്ത്യയെന്ന അവകാശവാദങ്ങള്‍ ഒരു ഭാഗത്ത് കൊട്ടിഘോഷിക്കപ്പെടുമ്പോഴാണ് എന്‍ജിന്‍ ഡ്രൈവര്‍മാരുടെ ഈ ദയനീയാവസ്ഥ പുറത്തുവരുന്നത്. ഒപ്പം തന്നെ ഇന്ത്യന്‍ റെയില്‍വേയുടെ കെടുകാര്യസ്ഥതയുടെ ദൃഷ്ടാന്തവുമാണിത്.