അമേരിക്കയുടെ സൈനികതാവളമായ ഗ്വാം ദ്വീപിനെ ആക്രമിക്കുമെന്ന് ഉത്തരകൊറിയയുടെ ഭീഷണി. അമേരിക്കയ്ക്കു ഭീഷണിയായാൽ ഉത്തരകൊറിയയെ ചുട്ടുചാന്പലാക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതിനു മറുപടിയായാണ് ഉത്തരകൊറിയൻ സ്വേച്ഛാധിപതി കിം ജോംഗ് ഉനിന്റെ ഭീഷണി.
കിമ്മിന്റെ ഭീഷണി കാര്യമാക്കുന്നില്ലെന്നും അമേരിക്കക്കാർ സ്വസ്ഥമായി ഉറങ്ങുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ പിന്നീടു പറഞ്ഞു.
പ്രസിഡന്റ് കിം തീരുമാനിക്കുന്ന സമയത്ത് ഗ്വാമിൽ ആക്രമണം നടത്താൻ കൊറിയൻ സേന ഒരുങ്ങിയിട്ടുണ്ടെന്നു സേനാവക്താവ് അവകാശപ്പെട്ടു. ഭീഷണിയെ ഗ്വാം ഗവർണർ എഡ്ഡി കാൽവോ പുച്ഛിച്ചു തള്ളി. ഏതു സാഹചര്യം നേരിടാനും സേന സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു.
കൊറിയയുടെ അണ്വായുധ പരീക്ഷണങ്ങളും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങളും അവസാനിപ്പിക്കണമെന്നു നേരത്തേ ട്രംപ് ആവശ്യപ്പെട്ടിരുന്നു.
സംഘർഷം കൂട്ടുന്ന വാക്കുകളും പ്രവൃത്തികളും ഒഴിവാക്കാൻ ചൈനീസ് വിദേശമന്ത്രാലയം കിമ്മിനോടും ട്രംപിനോടും അഭ്യർഥിച്ചു. വിവിധ രാജ്യനേതാക്കളും സംഘർഷ ലഘൂകരണത്തിന് അഭ്യർഥിച്ചിട്ടുണ്ട്.
സംഘർഷാന്തരീക്ഷത്തെ തുടർന്നു സ്വർണവില കയറി. ഔൺസി(31.1 ഗ്രാം)ന് 1256 ഡോളറിൽനിന്ന് 1275 ഡോളറിലേക്കായിരുന്നു കയറ്റം. ദക്ഷിണകൊറിയ മുതൽ അമേരിക്ക വരെയുള്ള രാജ്യങ്ങളിലെ ഓഹരിവിപണികളും താണു. ഡോളറിനു വില കുറഞ്ഞു.
ചൊവ്വാഴ്ച ന്യൂജഴ്സിയിലാണു ട്രംപ് ഉത്തരകൊറിയയ്ക്കു കനത്ത മുന്നറിയിപ്പു നൽകിയത്. ‘ഉത്തരകൊറിയ ഇനി അമേരിക്കയെ ഭീഷണിപ്പെടുത്തരുത്. മറിച്ചായാൽ ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത തോതിലുള്ള നാശമാകും ഉണ്ടാവുക’- ട്രംപ് പറഞ്ഞു.
ഇതേത്തുടർന്നാണു ഗ്വാം ദ്വീപിലേക്കു മിസൈൽ അയയ്ക്കാൻ ആലോചിക്കുന്നതായി കൊറിയ പറഞ്ഞത്.
ഗ്വാമിനെ ആക്രമിക്കാൻ ഉത്തരകൊറിയയുടെ മൂന്നു മിസൈലുകൾക്കു കഴിയും. ഹ്വാഡോംഗ്-12, മുസുഡൻ, പുക്ഗുക്സോംഗ്-2 എന്നിവ.
ഹ്വാഡോംഗ് മേയിൽ പരീക്ഷിച്ചതാണ്. ദ്രവ ഇന്ധനം ഉപയോഗിക്കുന്ന ഇത് 4000 മുതൽ 7000 വരെ കിലോമീറ്റർ എത്തുന്ന ഇന്റർമീഡിയറ്റ് റേഞ്ച് മിസൈലാണ്. അമേരിക്കയിലെ ലോസ് ആഞ്ചലസും ഷിക്കാഗോയും ഇതിന്റെ പരിധിയിൽ വരും. ഇന്ത്യയും ഓസ്ട്രേലിയയും ഈ പരിധിയിലാണ്.
മുസുഡൻ മിസൈലിന് 3500 കിലോമീറ്റർ വരെ എത്താം. പല പരാജയങ്ങൾക്കു ശേഷം കഴിഞ്ഞവർഷം ജൂണിൽ ഇത് വിജയകരമായി പരീക്ഷിച്ചു.
പുക്ഗുക്സോംഗ് മുങ്ങിക്കപ്പലിലോ കരയിലോനിന്നു വിക്ഷേപിക്കാം. ഫെബ്രുവരിയിൽ ഇതിന്റെ വിജയകരമായ പരീക്ഷണം നടന്നു. ഖര ഇന്ധനമാണ് ഇതിലുപയോഗിക്കുന്നത്. ഇതിന്റെ ദൂരപരിധി 2000 കിലോമീറ്ററാണെന്നു ദക്ഷിണകൊറിയ പറയുന്നു. പക്ഷേ, അതിൽ കൂടുതൽ ഉണ്ടെന്നാണു മറ്റുള്ളവരുടെ വിലയിരുത്തൽ.
മിസൈൽ പ്രതിരോധത്തിനുള്ള ഥാഡ് (ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ്) സംവിധാനം ഗ്വാമിൽ ഉണ്ട്. സമാനമായ ഒന്ന് ഈയിടെ ദക്ഷിണകൊറിയൻ തലസ്ഥാനമായ സീയൂളിൽ സ്ഥാപിച്ചിട്ടുണ്ട്. ബാലിസ്റ്റിക് മിസൈലുകളെ തകർക്കാൻ പോന്നതാണു ഥാഡ് സംവിധാനം.