കിഴക്കന്‍ വെള്ളത്തിന്റെ വരവ്‌ ശക്‌തമായി; കുട്ടനാട്ടിലെ നിവാസികൾ കടുത്ത ആശങ്കയിൽ

kuttanad flood

കിഴക്കന്‍ വെള്ളത്തിന്റെ വരവ്‌ ശക്‌തമായതോടെ ആലപ്പുഴ ജില്ലയിലെ കുട്ടനാട്‌ ഉള്‍പ്പടെയുള്ള പ്രദേശങ്ങള്‍ പ്രളയഭീതിയില്‍. മഴ ശക്‌തമായി തുടരുകയും വെള്ളം സുഗമമായി കടലിലേക്ക്‌ ഒഴുകിപ്പോകാതിരിക്കുകയും ചെയ്‌താല്‍ കുട്ടനാട്‌ മുങ്ങും. ജലനിരപ്പ്‌ ഉയരുന്നതിനൊപ്പം കുട്ടനാട്ടില്‍ രണ്ടാം കൃഷി ഇറക്കിയ കര്‍ഷകരുടെ ആശങ്കയും കനക്കുന്നു.
കടലിലേക്കുള്ള ഒഴുക്ക്‌ സുഗമമാക്കാനുള്ള നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുകയാണ്‌. തണ്ണീര്‍മുക്കം ബണ്ടിലെ 90 ഷട്ടറുകളും അന്ധകാരനഴിയിലെ 13 ഷട്ടറുകളും തുറന്നു. തണ്ണീര്‍മുക്കം ബണ്ട്‌ വഴി ഒഴുകിപ്പോകുന്ന ജലമാണ്‌ അന്ധകാരനഴിയില്‍ എത്തുന്നത്‌. ഇതിലൂടെ കടലിലേക്ക്‌ ശക്‌തമായ ഒഴുക്കുണ്ട്‌. കടലിലേക്കുള്ള മറ്റൊരു പ്രധാന മാര്‍ഗമായ തോട്ടപ്പള്ളി സ്‌പില്‍വേയില്‍ കൂടുതല്‍ ഷട്ടറുകള്‍ ഇന്നലെ തുറന്നു. ആകെയുളള 40 ഷട്ടറുകളില്‍ 38 എണ്ണം തുറന്നെങ്കിലും ഒഴുക്ക്‌ അത്ര ശക്‌തമല്ല.
വ്യാഴാഴ്‌ച വൈകിട്ട്‌ പത്തു ഷട്ടറുകള്‍ ഉയര്‍ത്തിയെങ്കിലും ജലനിരപ്പ്‌ ക്രമാതീതമായി ഉയര്‍ന്നതിനാല്‍ 28 എണ്ണം കൂടി ഉയര്‍ത്തി വെള്ളം കടലിലേക്ക്‌ ഒഴുക്കുകയായിരുന്നു. ആഴ്‌ചകള്‍ക്കുമുമ്ബ്‌ ഇവിടെ പൊഴി മുറിച്ചെങ്കിലും വേലിയേറ്റസമയത്ത്‌ കടല്‍വെള്ളം ഒഴുകിയെത്തി മണല്‍ നിറഞ്ഞു. മണല്‍ നീക്കാനും പൊഴിയുടെ വീതി കൂട്ടാനുമുള്ള ജോലികള്‍ ഇന്നലെ അടിയന്തരമായി തുടങ്ങി. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ്‌ മണല്‍ നീക്കുന്നത്‌. മന്ത്രി ജി. സുധാകരന്‍, ആലപ്പുഴ ജില്ലാ കലക്‌ടര്‍ ഡോ. അദീല അബ്‌ദുള്ള എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്‌ഥലം സന്ദര്‍ശിച്ചു.
കുട്ടനാട്ടിലേക്കു കൂടുതല്‍ വെള്ളമെത്തുന്നത്‌ പമ്ബാ നദിയില്‍ കൂടിയാണ്‌. കക്കി ആനത്തോട്‌, പമ്ബ ഡാമുകളില്‍ അധികം ജലമില്ലാത്തതിനാല്‍ തുറന്നുവിട്ടിട്ടില്ല. അതിനാല്‍ പെയ്‌ത്തുവെള്ളം മാത്രമാണ്‌ ഇപ്പോള്‍ കുട്ടനാട്ടിലേക്ക്‌ എത്തുന്നത്‌. കനത്ത മഴ രണ്ടോ മൂന്നോ ദിവസം കൂടി തുടര്‍ന്നാല്‍ ഡാമുകള്‍ തുറക്കേണ്ടിവരും, ഇതു കുട്ടനാട്ടില്‍ വെള്ളമുയരാന്‍ കാരണമാകും.