വണ്ടി വെള്ളത്തിലകപ്പെട്ടാൽ ….

flood car

പ്രളയം സംഹാര താണ്ഢവമാടുമ്പോൾ വെള്ളക്കെട്ടുകളിൽ വാഹനങ്ങൾ കുടുങ്ങിപ്പോകുവാൻ സാധ്യതകളുണ്ട്. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ എന്ത് ചെയ്യണമെന്ന് അറിയില്ലെങ്കിൽ വലിയ നഷ്ടങ്ങൾ ഉണ്ടാകാം. വെള്ളത്തിലൂടെ വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നത് സുരക്ഷിതമല്ല പ്രത്യേകിച്ച് ഗ്രൗണ്ട് ക്ലിയറൻസ് കുറവുള്ള വാഹനങ്ങൾ. ∙ ചെറിയ വെള്ളക്കെട്ടിലൂടെയാണെങ്കിലും വാഹനം ഓടിക്കുമ്പോൾ ഫസ്റ്റ് ഗിയറിലോ, സെക്കൻഡ് ഗിയറിലോ മാത്രം ഓടിക്കുക. ഒരു കാരണവശാലും വെള്ളത്തിൽ ഇറങ്ങിയ ശേഷം വാഹനത്തിന്റെ ഗിയർ മാറ്റാൻ ശ്രമിക്കരുത്. ഗിയർ മാറ്റിയാൽ എക്സോസ്റ്റിലൂടെ ശക്തമായി വെള്ളം കയറി എൻജിൻ ഓഫാകാൻ സാധ്യതയുണ്ട്. ∙ വെള്ളത്തിൽ ഇറങ്ങി എൻജിൻ ഓഫ് ആയ വാഹനങ്ങൾ സ്റ്റാർട്ട് ചെയ്യാൻ ഒരു കാരണവശാലും ശ്രമിക്കരുത്. കാരണം സ്റ്റാർട്ട് ചെയ്യുമ്പോൾ എൻജിന്റെ എയർ ഇൻടേക്ക് സംവിധാനം വഴി വെള്ളം എൻജിനിലേക്ക് ഇരച്ചു കയറും . ∙ ഈർപ്പം കേറിയിരിക്കുന്ന അവസരത്തിൽ ക്രാങ്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ എൻജിൻ പൊട്ടിത്തെറിക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല. ∙ വെള്ളത്തിൽ അകപ്പെട്ടാൽ വാഹനം തള്ളി വെള്ളമില്ലാത്ത സ്ഥലത്തേക്ക് മാറ്റുകയാണ് ചെയ്യേണ്ടത്. പിന്നീട് ടോ ചെയ്ത് വർക്ക്ഷോപ്പിൽ എത്തിക്കേണ്ടതാണ് .

മഴയത്ത് എൻജിനകത്തേക്കു വെള്ളം കയറി തകരാർ സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ്. അതേസമയം വാഹനം വെള്ളക്കെട്ടിലേക്കിറക്കി ഓടിച്ചതിനു ശേഷമാണ് തകരാർ സംഭവിക്കുന്നതെങ്കിൽ ഇൻഷുറൻസ് കവറേജ് ലഭിക്കില്ല. വാഹനം പാർക്ക് ചെയ്തിരിക്കുമ്പോഴോ ഡ്രൈവ് ചെയ്യുന്നതിനിടെ പെട്ടെന്നു വെള്ളപ്പൊക്കം ഉണ്ടായി എൻജിനകത്തു വെള്ളം കയറിയാലാണ് ഇൻഷുറൻസ് ലഭിക്കുന്നത്. വെള്ളം കയറിയ വാഹനത്തിന്റെ എൻജിൻ ഓൺ ആക്കാൻ ശ്രമിച്ച് കാർ തകരാറിലായാൽ ഇൻഷുറൻസ് ലഭിക്കുകയില്ല. എൻജിൻ ഓൺ ആക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്ന് സാങ്കേതിക പരിശോധനയിലൂടെ കണ്ടെത്താൻ കഴിയും.