ഇര്‍മ ചുഴലിക്കാറ്റ് അമേരിക്കന്‍ തീരത്ത് വീശിയടിച്ചു തുടങ്ങി. കരീബിയന്‍ ദ്വീപുകളിലും ക്യൂബയിലും നാശം വിതച്ച ഇർമ, ഫ്ളോറിഡയുടെ തെക്കൻ ഭാഗങ്ങളിലേക്കാണ് ഇപ്പോൾ പ്രവേശിച്ചിരിക്കുന്നത്. ഫ്ളോറിഡ കീസ് ദ്വീപസമൂഹത്തിൽ നിന്നാണ് ഇർമ കരയിലേക്ക് കടന്നത്. ഇർമയുടെ തുടർച്ചയായി ഫ്ളോറിഡയിൽ കനത്ത മഴയാണെന്നു യുഎസ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 209 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് തീരത്ത് വീശിയടിക്കുന്നത്. ഇതുവരെ 63 ലക്ഷം ജനങ്ങളോട് ഒഴിഞ്ഞുപോകാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ‘ജീവന് ഭീഷണിയാണ്’ ഇർമ എന്ന മുന്നറിയിപ്പും പുറപ്പെടുവിച്ചു. കരീബിയന്‍ ദ്വീപുകളിൽ കനത്ത നാശം വരുത്തിയ ഇർമ, 25 പേരുടെ ജീവനാണ് കവർന്നത്.
ലോവർ ഫ്ളോറിഡ കീസ് പ്രദേശങ്ങളിൽ ഇനിയുള്ള രണ്ടുമണിക്കൂർ കനത്ത കാറ്റ് വീശുമെന്നാണു മുന്നറിയിപ്പ്. കീ വെസ്റ്റിനെയും കാറ്റ് ബാധിച്ചേക്കും. 15 അടി ഉയരത്തിൽ തീരത്തേക്കു തിരകൾ ആഞ്ഞടിക്കുമെന്നും പ്രദേശത്തെ വീട്ടുകാർ ഒഴിഞ്ഞുപോകണമെന്നും അധികൃതർ അറിയിച്ചു. മണിക്കൂറില്‍ 258 കിലോമീറ്റര്‍ വേഗത്തിലായിരുന്ന ഇര്‍മ, അമേരിക്കന്‍ തീരത്തെത്തിയപ്പോൾ വേഗം കുറഞ്ഞിട്ടുണ്ട്. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടപ്പലായനത്തിനാണ് ഇര്‍മ കാരണമായിരിക്കുന്നത്.
ഇർമയിൽ നിന്നു രക്ഷ തേടി ഫ്ളോറിഡയിൽ 63 ലക്ഷം പേരെ ഒഴിപ്പിച്ചതായാണ് ഔദ്യോഗിക വിശദീകരണം. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിൽ ജനസംഖ്യയുടെ കാൽഭാഗത്തിലധികം പേരെയാണ് ഒഴിപ്പിച്ചത്. കിടക്കകളും മറ്റ് അവശ്യസാധനങ്ങളും മുകളിൽ കെട്ടിവച്ചു സുരക്ഷിത സ്ഥാനത്തേക്കു നീങ്ങുന്ന ആയിരക്കണക്കിനു വാഹനങ്ങളാണു ഫ്ളോറിഡയിലെ കാഴ്ച. കൂട്ട പലായനത്തെ തുടർന്നു നഗരത്തിലെ മൂന്നിലൊന്നു പമ്പുകളിലും ഇന്ധനം തീർന്നു. 1992ൽ വീശിയടിച്ച ആൻഡ്രൂ ചുഴലിക്കാറ്റിനേക്കാൾ വിനാശകാരിയാണ് ഇർമയെന്നാണു വിലയിരുത്തൽ. അന്ന് 65 പേരാണു മരിച്ചത്.
ശനിയാഴ്ച പുലർച്ചെ ക്യൂബയുടെ വടക്കൻ തീരത്ത് എത്തിയപ്പോൾ ഇർമയുടെ വേഗം മണിക്കൂറിൽ 245 കിലോമീറ്ററായി കുറഞ്ഞ് കാറ്റഗറി നാലിലേക്കു മാറിയിരുന്നു. കരീബിയൻ ദ്വീപുകളിലുണ്ടായതിനു സമാനമായ നാശനഷ്ടമാണു ക്യൂബയിലും ഇർമ വിതച്ചത്. വടക്കൻ തീരത്തുള്ള റിസോർട്ടുകളിൽനിന്ന് ആയിരക്കണക്കിനു വിനോദസഞ്ചാരികളെ സർക്കാർ നേരത്തേ ഒഴിപ്പിച്ചിരുന്നു. ഇർമ ദുരന്തത്തിൽപെട്ടവരെ സഹായിക്കുന്നതിനായി യുഎസിലെ ഇന്ത്യൻ എംബസി ഹെൽപ് ലൈൻ തുറന്നു. ഹോട്‌ലൈൻ: 202-258-8819.