ഇന്ത്യ ആദ്യമായി വേദിയാകുന്ന ഫിഫ അണ്ടർ 17 ലോകകപ്പിന്റെ ട്രോഫിക്ക് വൻ സ്വീകരണമൊരുക്കാൻ തയാറെടുക്കുകയാണ് കൊച്ചി. മൂന്നു ദിവസത്തെ പര്യടനത്തിനായി ഈ മാസം 21 നു കൊച്ചിയിലെത്തുന്ന ലോകകപ്പ് ട്രോഫി, മത്സരം നടക്കുന്ന പ്രധാന വേദിയായ കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ് ട്ര സ്റ്റേഡിയത്തിൽ 22ന് പ്രദർശനത്തിനുവയ്ക്കും. മത്സരത്തിന്റെ കേരളത്തിലെ സംഘാടകർക്കും ഓഫീഷ്യൽസിനും സർക്കാർ അർധസർക്കാർ സ്ഥാപനങ്ങളിലെ പ്രതിനിധികൾക്കും മാധ്യമപ്രവർത്തകർക്കുമാണ് അന്നേ ദിവസം ട്രോഫി കാണാനുള്ള അവസരം.
അടുത്ത ദിവസം വാഹന വ്യൂഹങ്ങളുടെ അകന്പടിയോടെ നഗരത്തിലെ പ്രധാന സ്കൂളുകളിൽ ട്രോഫി എത്തിക്കും. ഫിഫ നിശ്ചയിച്ചിട്ടുള്ള സ്കൂളുകളിലാണു ട്രോഫി കൊണ്ടുപോകുക. അവിടെ കുട്ടികൾക്ക് ട്രോഫി കാണാൻ അവസരം ഉണ്ടാകും. പൊതുജനങ്ങൾക്കായി ട്രോഫി പ്രദർശിപ്പിക്കുന്നത് 24നാണ്. അന്നേ ദിവസം ഉച്ചയ്ക്കു ശേഷം ഫോർട്ട്കൊച്ചി വാസ്കോഡ ഗാമ സ്വകയറിൽ പ്രത്യേകം സജ്ജമാക്കുന്ന വേദിയിൽ ട്രോഫി പ്രദർശിപ്പിക്കും.