പേ ടിഎമ്മിന്റെ വരുമാനം നേരിയതോതില്‍ വര്‍ധിച്ചെങ്കിലും നഷ്ടം 165 ശതമാനമായി ഉയര്‍ന്നു. ഡിജിറ്റല്‍ വാലറ്റ് മേഖലയിലെ വമ്പനായ പേ ടിഎമ്മിന് ഗൂഗിള്‍ പേ, ഫോണ്‍പേ എന്നിവയില്‍നിന്ന് കനത്ത മത്സരം നേരിടാനിടയായതാണ് നഷ്ടം വര്‍ധിപ്പിച്ചത്. പേ ടിഎമ്മിന്റെ മാതൃ കമ്പനിയായ വണ്‍97 കമ്യൂണിക്കേഷന്‍ 2019 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലുണ്ടാക്കിയ നഷ്ടം 3,959.6 കോടി രൂപയാണ്. മുന്‍ സാമ്പത്തിക വര്‍ഷമാകട്ടെ 1,490 കോടി രൂപയായിരുന്നു നഷ്ടം. കമ്പനിയുടെ വരുമാനമാകട്ടെ 3,319 കോടിയായി ഉയര്‍ന്നു. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 3,229 കോടി രൂപയായിരുന്നു. പേ ടിഎം മണി, പേ ടിഎം ഫിനാന്‍ഷ്യല്‍ സര്‍വീസസ്, പേ ടിഎം എന്റര്‍ടെയ്ന്‍മെന്റ് സര്‍വീസസ് തുടങ്ങിയവ ഉള്‍പ്പെടുന്ന കമ്പനിയുടെ അറ്റനഷ്ടം 4,217 കോടി രൂപയാണ്.