ഇന്ത്യാന∙ കാൻസർ രോഗിയായ 61കാരൻ ഭാര്യയെയും മുതിർന്ന രണ്ടു മക്കളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ജെഫ് മഫെർ (61) ഭാര്യ അന്ന മേരി (54), മകൾ എമ്മ(26), മകൻ ജേക്കബ് ( 18) എന്നിവരാണു മരിച്ചത്.
ഇന്ത്യാനയിലെ ബ്ലൂമിങ്ടനിലാണു സംഭവം. സെപ്റ്റംബർ 6 ഞായറാഴ്ച രാവിലെ വീടിനു മുൻപിൽ പൂക്കളം കാറിന്റെ വിൻഡോ ഷീൽഡിൽ ചില പ്രത്യേക സമ്മാനങ്ങളും കണ്ടതിനെ തുടർന്ന് അവിടെയെത്തിയ ഒരു സ്ത്രീയാണ് ഭാര്യയുടെ മൃതദേഹം ആദ്യമായി കണ്ടത്. ഉടൻ അവർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി വീടു തുറന്നു പരിശോധിച്ചപ്പോൾ മക്കളുടെയും പിതാവിന്റെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.
ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്താണെന്നാണു പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. നാലു പേരും വെടിയേറ്റാണു മരിച്ചത്. കൊലപാതകത്തിനു പ്രേരിപ്പിച്ചത് എന്താണെന്ന് അന്വേഷണം നടക്കുകയാണെന്ന് ബ്ലൂനിങ്ടൻ പൊലീസ് ക്യാപ്റ്റൻ റയൻ പെഡിഗോ പറഞ്ഞു. ജെഫിന് പ്രോസ്റ്റേറ്റ് , പാൻക്രിയാറ്റ് കാൻസർ ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.