Sunday, October 6, 2024
HomeCrimeറോയിയെ കൊല്ലാന്‍ ജോളിക്ക് നാല് കാരണങ്ങളെന്ന് പോലീസ്‌

റോയിയെ കൊല്ലാന്‍ ജോളിക്ക് നാല് കാരണങ്ങളെന്ന് പോലീസ്‌

കൂടത്തായി കൊലപാതക പരമ്ബരയിലെ മുഖ്യപ്രതി ജോളി ജോസഫിനെതിരെ പൊലീസ് നല്‍കിയ കസ്റ്റഡി അപേക്ഷയിലെ വിശദാംശങ്ങള്‍ പുറത്ത്. റോയി തോമസിന്റെ അമിത മദ്യപാനം, അന്ധവിശ്വാസത്തോടുള്ള എതിര്‍പ്പ്, പരപുരുഷ ബന്ധങ്ങള്‍ എതിര്‍ത്തതിലെ പകയും കൊലപാതകത്തിന് കാരണമായി. കൊല രണ്ടും മൂന്നും പ്രതികളുടെ അറിവോടെയും സഹായത്തോടെയുമാണ് ജോളി മോഴി നല്‍കിയതായി കസ്റ്റഡി അപേക്ഷയില്‍ പൊലീസ് വിശദമാക്കുന്നു. കൂടത്തായില്‍ ആറ് മരണങ്ങള്‍ നടന്നുവെങ്കില്‍ റോയി തോമസിന്റെ മരണത്തില്‍ മാത്രമാണ് കേസ് എടുത്തിട്ടുള്ളത്. റോയിയുടെ മരണ സമയത്ത് മാത്രമേ പോസ്റ്റ് മോര്‍ട്ടം നടന്നിട്ടുള്ളൂ. ഈ സാഹചര്യത്തിലാണ് ഒരു കേസ് മാത്രം പൊലീസ് കോടതിക്ക് മുമ്ബില്‍ വയ്ക്കുന്നത്.

റോയ് വധക്കേസില്‍ ജുഡീഷ്യല്‍ റിമാന്‍ഡിലായിരുന്ന മൂന്ന് പ്രതികളേയും അടുത്ത ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പതിനൊന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടതെങ്കിലും ആറ് ദിവസത്തേക്കാണ് താമരശ്ശേരി കോടതി പൊലീസ് കസ്റ്റഡിയില്‍ പ്രതികളെ വിട്ടത്. പ്രതികളുടെ അഭിഭാഷകര്‍ എതിര്‍ത്തതുകൊണ്ടാണ് ഇത്. ജോളിയമ്മ ജോസഫ് എന്ന ജോളി, കാക്കവയല്‍ മഞ്ചാടിയില്‍ മാത്യു, തച്ചംപൊയില്‍ മുള്ളമ്ബലത്തില്‍ പി പ്രജുകുമാര്‍ എന്നിവരെയാണ് കോടതി ഒക്ടോബര്‍ 16 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. പ്രതികളുടെ അഭിഭാഷകര്‍ പൊലീസ് കസ്റ്റഡിയില്‍ വിടുന്നതിനെ എതിര്‍ത്തില്ലെങ്കിലും 11 ദിവസത്തേക്ക് വിട്ടു കൊടുക്കുന്നതിനെ മാത്യുവിന്റെ അഭിഭാഷകന്‍ എതിര്‍ത്തു.

കോടതിയിലെത്തിയ ജോളിയില്‍ അഡ്വ. ബിഎ ആളൂരിന്റെ സംഘത്തില്‍പ്പെട്ട അഭിഭാഷകന്‍ വക്കാലത്ത് ഒപ്പിട്ട് വാങ്ങി. കസ്റ്റഡിയില്‍ പോകാന്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് കോടതി പ്രതികളോട് ചോദിച്ചു. ഇല്ല എന്ന് മാത്യു മറുപടി പറഞ്ഞപ്പോള്‍ പ്രജുലും ജോളിയും ബുദ്ധിമുട്ടില്ലെന്ന തരത്തില്‍ തലയാട്ടി. ആദ്യം പ്രജുകുമാറിനേയും പിന്നെ ജോളിയേയുമാണ് കോടതിമുറിയിലെത്തിച്ച്‌ ഇവര്‍ക്ക് ശേഷം ഒരല്‍പം വൈകിയാണ് മാത്യു കോടതിയിലെത്തിയത്. കോടതിമുറിയില്‍ മാത്യുവും ജോളിയും നിശബ്ദരായി നിന്നപ്പോള്‍ ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു പ്രജു കുമാര്‍. ജോളിയെ കസ്റ്റഡിയില്‍ കിട്ടിയതോടെ കൂടത്തായി കൂട്ടക്കൊലയില്‍ കൂടുതല്‍ ഊര്‍ജ്ജിതമായ അന്വേഷണമായിരിക്കും ഇനി പൊലീസ് നടത്തുക. പത്ത് പേരുള്ള അന്വേഷണസംഘത്തെ ഇന്നലെ 35 പേരുള്ള സംഘമായി ഡിജിപി ഇന്ന് വിപുലപ്പെടുത്തിയിരുന്നു. ആവശ്യമെങ്കില്‍ അന്വേഷണസംഘത്തിലേക്ക് ഇനിയും ആളുകളെ ചേര്‍ക്കുമെന്നും ഡിജിപി വ്യക്തമാക്കി.

വന്‍ജനക്കൂട്ടമാണ് പ്രതികളെ എത്തിക്കുന്ന വാര്‍ത്തയറിഞ്ഞ് താമരശ്ശേരി കോടതിക്ക് മുന്നില്‍ തടിച്ചു കൂടിയത്. പ്രതികളുമായി വാഹനങ്ങള്‍ എത്തിയപ്പോള്‍ ജനങ്ങള്‍ കോടതിയുടെ മുറ്റത്തേക്ക് തള്ളിക്കയറി. മാത്യുവിനെ പേരെടുത്ത് പറഞ്ഞ് പരിഹസിച്ചപ്പോള്‍ കൂക്കുവിളികളോടെയാണ് ജോളിയെ നാട്ടുകാര്‍ വരവേറ്റത്. ജനരോഷം ഭയന്ന് കനത്ത സുരക്ഷയാണ് കോടതിയിലും പരിസരത്തും ഒരുക്കിയിരുന്നത്. മാധ്യമങ്ങള്‍ക്ക് അടക്കം കോടതി വളപ്പില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ജയിലിന് പുറത്തു വന്ന ജോളിയോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും അവര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. അതേസമയം പെരുച്ചാഴിയെ കൊല്ലാന്‍ എന്നു പറഞ്ഞാണ് മാത്യു തന്റെ കൈയില്‍ നിന്നും സയനൈഡ് വാങ്ങിയതെന്ന് മൂന്നാം പ്രതി പ്രജുകുമാര്‍ പൊലീസ് ജീപ്പിലേക്ക് കയറും മുന്‍പായി മാധ്യമങ്ങളോട് പറഞ്ഞു.

ജോളി സയനൈഡ് ശേഖരിച്ചത് പലവഴികളിലൂടെ എന്ന വിവരമാണ് പുറത്തു വരുന്നത്. താമരശ്ശേരിയില്‍നിന്ന് അറസ്റ്റിലായ സ്വര്‍ണപ്പണിക്കാരന്‍ പ്രജികുമാര്‍ താന്‍ ഒരുതവണ മാത്രമാണു മാത്യുവിനു സയനൈഡ് നല്‍കിയതെന്നു മൊഴി നല്‍കി. മാത്യുവും സമാന മൊഴിയാണ് നല്‍കിയത്. എന്നാല്‍, ഇതു പൊലീസ് വിശ്വസിച്ചിട്ടില്ല. മാത്യുവില്‍നിന്നു സയനൈഡ് വാങ്ങുമ്ബോള്‍ ജോളി പറഞ്ഞത്, ഇതു തന്റെ സുഹൃത്തായ ഉദ്യോഗസ്ഥയ്ക്കു നായയെ കൊല്ലാന്‍ വേണ്ടിയാണെന്നാണ്. റോയിയെ കൊലപ്പെടുത്തിയത് ഇതുപയോഗിച്ചാണെന്നാണു പൊലീസിന്റെ കണ്ടെത്തല്‍. അന്നമ്മ, ടോം തോമസ്, മാത്യു, അല്‍ഫൈന്‍, സിലി എന്നിവരെ കൊലപ്പെടുത്തിയതും സയനൈഡ് കൊടുത്താണെന്നു മൊഴിയുണ്ട്. ഇതിനുള്ള സയനൈഡ് വന്ന വഴിയാണ് പൊലീസ് അന്വേഷിക്കുന്നത്. എല്ലാ കൊലപാതകങ്ങളിലും തന്ത്രപരമായി കരുക്കള്‍ നീക്കിയ ജോളി ഒരിക്കലും തുടര്‍ച്ചയായി ഒരാളില്‍നിന്നുതന്നെ സയനൈഡ് വാങ്ങില്ലെന്ന് അന്വേഷണസംഘം ഉറച്ചുവിശ്വസിക്കുന്നു.

ഇങ്ങനെ സയനൈഡ് വാങ്ങിയാല്‍ ഇതു സംശയത്തിനിടയാക്കും. ഇതൊഴിവാക്കാന്‍ ഒന്നിലേറെ മാര്‍ഗങ്ങള്‍ ജോളി തേടിയിട്ടുണ്ട്. ഒരു കേസില്‍ മാത്രം സയനൈഡല്ല ഉപയോഗിച്ചതെന്നും വിവരമുണ്ട്. കുട്ടി മരിച്ച കേസിലാണിത്. ഇതിലേക്കു കൂടുതല്‍ അന്വേഷണം നടത്തണമെങ്കില്‍ റോയി ഒഴികെയുള്ള അഞ്ചുപേരുടെ ഫൊറന്‍സിക് പരിശോധനാഫലം കിട്ടണം. കൂടത്തായി കൊലപാതക പരമ്ബരയുടെ ചുരുളഴിക്കാന്‍ നിര്‍ണായക ഘടകമായത് റോയിയുടെ സഹോദരന്‍ റോജോ സംശയം പ്രകടിപ്പിച്ച്‌ പൊലീസിന് നല്‍കിയ പരാതിയാണ്. എന്നാല്‍ ഈ പരാതിയെ സ്വത്തിന്റെ പേരില്‍ നല്‍കിയ പരാതിയായി മാത്രമേ കണ്ടിരുന്നുള്ളൂവെന്നുമാണ് ബന്ധു പറയുന്നത്. കുടുംബത്തിലുള്ള എല്ലാവര്‍ക്കും ജോളിയോട് വലിയ കാര്യമായിരുന്നു. ജോളിയുടെ പേര് വലിച്ചിഴച്ച്‌ കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കുകയാണെന്നാണ് പരാതി നല്‍കിയപ്പോള്‍ കരുതിയതെന്നും ബന്ധു വെളിപ്പെടുത്തി.

‘സ്വത്ത് കിട്ടാന്‍ വേണ്ടി ജോളിയെ പേടിപ്പിക്കാനായിരുന്നു പൊലീസ് പരാതിയും മറ്റും. രണ്ട് കൊല്ലം മുമ്ബാണ് കേസ് കൊടുത്തത്. അന്ന് ഷാജുവിനെയും സക്കറിയെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. അന്ന് അന്വേഷണം വന്നപ്പോള്‍ മോശമായി തോന്നി. അന്ന് ജോളി വിളിച്ചിരുന്നു. റോജോ പരാതി നല്‍കിയതിനെ തുടര്‍ന്ന് തന്നെയും അയല്‍വാസികളെയും ചോദ്യം ചെയ്തിരുന്നുവെന്നും ജോളി തന്നോട് ഫോണ്‍ ചെയ്തു പറഞ്ഞു. അന്ന് അതെല്ലാം ഞങ്ങള്‍ക്ക് കുടുംബത്തിന് ചീത്തപ്പേരായിട്ടാണ് തോന്നിയത്. വീട്ടില്‍ പൊലീസ് കയറുന്നതെല്ലാം മോശമായാണ് അനുഭവപ്പെട്ടത്. ജോളി ആവശ്യപ്പെട്ടത് പ്രകാരം പൊലീസിനെ വിളിച്ചന്വേഷിക്കാന്‍ തുനിഞ്ഞിരുന്നു. പിന്നീട് സ്വത്തിന്റെ കാര്യങ്ങളും പരാതിയുമെല്ലാം കോമ്ബ്രമൈസ് ആയെന്നു ജോളി അറിയിക്കുകയായിരുന്നു’, ബന്ധു പറഞ്ഞു.

എന്നാല്‍ ഇത്തരത്തില്‍ ജോളിയെ സംശയിക്കാതെ റോജോയുടെ പരാതിയെ മോശം കാര്യമായി കരുതിയ ബന്ധുക്കള്‍ പുതിയ വെളിപ്പെടുത്തലുകളില്‍ ആശങ്കാകുലരാണ്. ഇവരുടെ വേണ്ടപ്പെട്ടവരെ ജോളി സയനൈഡ് നല്‍കി കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്നത് ഞെട്ടലോടെയാണ് ഇവര്‍ ശ്രവിച്ചത്. ചോദ്യം ചെയ്യലില്‍ ജോളി കൊലപ്പെടുത്താന്‍ ശ്രമിച്ചത് തനിക്ക് വേണ്ടപ്പെട്ടയാളെയാണെന്ന് കഴിഞ്ഞ ദിവസമാണ് ഇവര്‍ തിരിച്ചറിഞ്ഞത്. മരണത്തിന് തൊട്ടു മുമ്ബുള്ള ദിവസങ്ങളില്‍ റോയി മാനസികമായി അസ്വസ്ഥനായിരുന്നതിനാലാണ് റോയിയുടെ മരണത്തില്‍ തങ്ങള്‍ക്കാര്‍ക്കും സംശയമുയരാതിരിക്കാന്‍ കാരണമെന്നും ഇവര്‍ പറയുന്നു. ‘റോയ് മദ്യപാനിയായിരുന്നു. റോയിയില്‍ നിന്ന് ജോളിക്ക് ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. എന്നാല്‍ ജോലിക്കാരി പറയുന്നത് റോയി മദ്യപിച്ചിരുന്നില്ല എന്നാണ്. എന്നാല്‍ റോയി കടുത്ത മദ്യപാനിയാണെന്ന് തനിക്കറിയാമായിരുന്നു. റോയിയുടെ മരണം സംഭവിക്കുന്നതിനു മുമ്ബ് പലപ്പോഴും റോയ് സ്വന്തം വീട്ടിലേക്ക് പോവാറില്ലായിരുന്നു. രണ്ട് ദിവസത്തോളം വീട്ടിലേക്ക് വരാതിരുന്ന സംഭവം വരെയുണ്ടായിട്ടുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ജോളി തങ്ങളെ വിളിച്ച്‌ റോയിയെ കണ്ടിരുന്നോ എന്ന് ചോദിച്ചിരുന്നു. അതിനാലാണ് റോയിയുടെ മരണം സംശയിക്കാതിരുന്നതെന്നും ബന്ധു പറയുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments