തൃശ്ശൂര്‍ ഗ്രാമീണ്‍ ബാങ്കിന്റെ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം നടത്തിയ മോഷ്ടാക്കള്‍ പോലീസ് പിടിയില്‍. മോഷ്ടാക്കള്‍ ആറംങ്ങോട്ടുകരയില്‍ ബാങ്കിന്റെ എടിഎം കുത്തി തുറക്കാനാണ് ശ്രമിച്ചത്. സംഭവത്തില്‍ അസം സ്വദേശികളായ നിക് പാല്‍ (19) ,ജറൂല്‍ ഇസ്ലാം (22) എന്നിവരാണ് അറസ്റ്റിലായത്.
ഇന്ന് പുലര്‍ച്ചെ 2 .45 ന് ആണ് മോഷ്ടാക്കള്‍ കവര്‍ച്ചാ ശ്രമം നടത്തിയത്. ചാലിശ്ശേരി പോലീസ് പ്രദേശത്ത് പുലര്‍ച്ചെ പെട്രോളിംഗ് നടത്തുന്നതിനിടയിലാണ് എടിഎം പൊളിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മോഷണശ്രമം നടന്നതായി പോലീസ് കണ്ടെത്തി.
പോലീസ് സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടി. മോഷ്ടാക്കള്‍ സമീപത്ത് താമസിക്കുന്നവര്‍ തന്നെയായിരുന്നു. അതേസമയം എടിഎമ്മില്‍ നിന്നും പണം നഷ്ടമായിട്ടില്ലെന്ന് ബാങ്ക് മാനേജര്‍ പറഞ്ഞു.