പള്ളിയില്‍ പോയ ഹിന്ദു പെണ്‍കുട്ടിയെ ആള്‍ക്കൂട്ടം പരസ്യമായി ജീവനോടെ കത്തിച്ചുവെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തയും, വീഡിയോ ദൃശ്യങ്ങളും തീര്‍ത്തും വ്യാജം. മധ്യപ്രദേശില്‍ നടന്നുവെന്ന രീതിയിലാണ് സംഭവം പ്രചരിച്ചത്.
ക്രിസ്തീയ പള്ളിയില്‍ നടന്ന പ്രാര്‍ത്ഥന യോഗത്തില്‍ പങ്കെടുത്തതിനാലാണ് മധ്യപ്രദേശില്‍ ഹിന്ദു പെണ്‍കുട്ടി ജീവനോടെ കത്തിച്ചത്. ലോകം മുഴുവന്‍ ഇന്ത്യയെ കാണുന്നതിന് ദയവായി ഇത് ചുറ്റും അയയ്ക്കുക; ഭൂമിയിലെ യഥാര്‍ത്ഥ നരകം ‘ അവിശ്വസനീയമായ ഇന്ത്യ ‘യുടെ ഏറ്റവും വൃത്തികെട്ട മുഖം കാണുക.
ദയവായി ഈ വീഡിയോ പങ്കിടുക നിങ്ങള്‍ക്ക് അയയ്ക്കുന്നത് നിര്‍ത്താന്‍ കഴിയാത്തത്രയും ലോകത്ത് എന്താണ് സംഭവിക്കുന്നതെന്ന് ലോകത്തെ അറിയിക്കുക’- ഇങ്ങനെ ഒരു കുറിപ്പ് ഉള്‍പ്പെടെ, ഒരു പെണ്‍കുട്ടിയെ ഒരു കൂട്ടം ആളുകള്‍ ജീവനോടെ അഗ്നിക്കിരയാക്കുന്ന വീഡിയോ സഹിതമാണ് പ്രചരിച്ചത്. എന്നാല്‍ സത്യമതല്ല, ഈ വീഡിയോ ഇന്ത്യയില്‍ നിന്നുമുള്ളതല്ല.
2015ല്‍ ഗ്വാട്ടിമലയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഒരു ടാക്സി ഡ്രൈവറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 16 വയസ്സുള്ള പെണ്‍കുട്ടിയെ ആള്‍ക്കൂട്ടം ജീവനോടെ കത്തിക്കുന്ന ദൃശ്യങ്ങള്‍ക്ക് ഇപ്പോള്‍ നാല് വര്‍ഷത്തെ പഴക്കമുണ്ട്. ദേശീയ മാധ്യമങ്ങള്‍ വീഡിയോ വ്യാജമാണെന്ന റിപ്പോര്‍ട്ട് അന്ന് തന്നെ നല്‍കിയെങ്കിലും വീണ്ടും പ്രചരിക്കപ്പെടുന്നു.
2016ല്‍ ഒരു തവണ വൈറലായ വീഡിയോ കഴിഞ്ഞ വര്‍ഷം ഒരു തവണ കൂടി വൈറലായിരുന്നു. രണ്ട് തവണയും മധ്യപ്രദേശില്‍ നടന്ന സംഭവം എന്ന തലക്കെട്ടോടെയാണ് വീഡിയോയും,വാര്‍ത്തയും പ്രചരിച്ചത്.