Saturday, April 20, 2024
HomeKeralaമയക്ക് മരുന്നു മാഫിയ സംഘത്തിലെ പ്രധാന കണ്ണി എക്‌സൈസിന്റെ പിടിയിലായി

മയക്ക് മരുന്നു മാഫിയ സംഘത്തിലെ പ്രധാന കണ്ണി എക്‌സൈസിന്റെ പിടിയിലായി

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മയക്ക് മരുന്നുകള്‍ എത്തിച്ച് കൊടുക്കുന്ന മാഫിയ സംഘത്തിലെ പ്രധാന കണ്ണിയായ യുവാവ് ആലുവ റേഞ്ച് എക്‌സൈസിന്റെ പിടിയിലായി.

കൊച്ചി, തോപ്പുംപടി വാലുമേല്‍, പ്രതീക്ഷ നഗറില്‍ ബിനു (26) എന്നയാളെയാണ് ഇന്‍സ്‌പെക്ടര്‍ ടി കെ ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം കസ്റ്റഡിയിലെടുത്തത് . ഇയാളുടെ പക്കല്‍ നിന്ന് 50 നൈട്രോസെപാം മയക്ക് മരുന്ന് ഗുളികകള്‍ പിടിച്ചെടുത്തു. പിടിച്ച് പറി, അടിപിടി, മോഷണം തുടങ്ങി നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ ഇയാള്‍ 8 മാസം മുന്‍പാണ് 5 വര്‍ഷത്തെ ജയില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയത്. തുടര്‍ന്ന് ഇയാള്‍ മയക്ക് മരുന്ന് കടത്തിലേയ്ക്ക് തിരിയുകയായിരുന്നു.

കഴിഞ്ഞ മാസം 88 നൈട്രോസെപാം മയക്ക് മരുന്ന് ഗുളികകളുമായി മൂന്ന് പേരെ ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മയക്ക് മരുന്ന് കടത്തിലെ പ്രധാനിയായ ഇയാള്‍ അറസ്റ്റിലായത്.

സേലത്ത് നിന്ന് മയക്ക് മരുന്നുകള്‍ മൊത്തമായി വാങ്ങി സംസ്ഥാനത്തിന്റെ ഓരോ ഭാഗങ്ങളിലുള്ള ഇടനിലക്കാര്‍ക്ക് കൈമാറുന്നതായിരുന്നു ഇയാളുടെ കച്ചവടത്തിന്റെ രീതിയെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

ആലുവ മുട്ടത്തിന് അടുത്ത് വച്ച് മയക്ക് മരുന്ന് കൈമാറുന്നതിന് ഇടനിലക്കാരനെ കാത്ത് നില്‍ക്കുമ്പോഴാണ് ഇയാള്‍ ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ സംഘത്തിന്റെ പിടിയിലായത്. പിടിയിലാകുന്ന സമയത്ത് ഇയാള്‍ മയക്ക് മരുന്ന് കഴിച്ച് ഉന്മാദ അവസ്ഥയിലായിരുന്നു.തുടര്‍ന്ന് മാരക അക്രമം അഴിച്ചുവിട്ട ഇയാളെ ആലുവ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിദഗ്ദ ചികില്‍സ നല്‍കി. ഇയാളില്‍ നിന്ന് മയക്ക് മരുന്നുകള്‍ വാങ്ങുന്നവര്‍ ഒളിവിലാണെന്നും ഉപഭോക്താക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

കഞ്ചാവ് പോലുള്ള വസ്തുക്കളേക്കാള്‍ എളുപ്പത്തില്‍ മറ്റുള്ളവര്‍ അറിയാത്ത രീതിയില്‍ ഉപയോഗിക്കാന്‍ കഴിയും എന്നതിനാലാണ് ഇത്തരം ലഹരിയിലേയ്ക്ക് യുവാക്കള്‍ തിരിയുന്നതിന് പ്രധാന കാരണമെന്നും അധികൃതര്‍ അറിയിച്ചു.

മാനസിക വിഭ്രാന്തി നേരിടുന്നവര്‍ക്ക് സമാശ്വാസത്തിനായി നല്‍കുന്ന നൈട്രോസെപാം ഗുളിക കള്‍ 40 എണ്ണം കൈവശം വയ്ക്കുന്നത് 10 വര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഇന്‍സ്‌പെക്ടര്‍ ടി കെ ഗോപിയുടെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ എ വാസുദേവന്‍, ഷാഡോ ടീമംഗങ്ങളായ എന്‍ ഡി ടോമി, എന്‍ ജി അജിത്കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ സിയാദ്, എക്‌സൈസ് ഡ്രൈവര്‍ സുനില്‍ കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments