കായല്‍ കയ്യേറ്റ ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ സിപിഎം കയ്യൊഴിയുന്നു.കേസില്‍ കലക്ടറുടെ റിപ്പോര്‍ട്ടും നിയമോപദേശവും എതിരായതോടെയാണ് പാര്‍ട്ടി നേതൃത്വം ചാണ്ടിക്കെതിരെ തിരിഞ്ഞത്. മന്ത്രിയുടെ രാജി സംബന്ധിച്ച നിര്‍ണായക തീരുമാനം ഉടനുണ്ടായേക്കുമെന്നാണ് വിവരം.
സാഹചര്യം ഗൗരവുമുള്ളതാണ്. ഉചിതമായ തീരുമാനം സ്വയം കൈകൊള്ളണം. നിയമോപദേശം വന്ന സാഹചര്യത്തില്‍ തോമസ്ചാണ്ടി സ്വയം രാജിവെക്കണമെന്നാണ് സിപിഎം നേതാക്കള്‍ അദ്ദേഹത്തെ അറിയിച്ചു. തിരുവനന്തപുരത്ത് സിപിഎമ്മും സിപിഐയും ഇന്ന് നിര്‍ണായക നേതൃയോഗങ്ങള്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. തോമസ് ചാണ്ടി തീരുമാനമെടുത്തില്ലെങ്കില്‍ മുന്നണി തന്നെ രാജി ആവശ്യപ്പെടും. എന്‍.സി.പിക്ക് രണ്ട് എംഎല്‍എമാരാണ് സഭയിലുള്ളത്. പിണറായി സര്‍ക്കാറില്‍ ആദ്യം മന്ത്രിയായ എ.കെ ശശീന്ദ്രന്‍ ഫോണ്‍വിളി വിവാദത്തില്‍ കുടുങ്ങിയതോടെ രാജിവെച്ച ഒഴിവിലാണ് തോമസ് ചാണ്ടി മന്ത്രിയായത്.
കായല്‍ കയ്യേറ്റവും ലേക്ക് പാലസ് റിസോര്‍ട്ടിനു വേണ്ടി ഭൂമി മണ്ണിട്ട് നികത്തിയതുമുള്‍പ്പെടെ നിരവധി ആരോപണങ്ങളാണ് ചാണ്ടിക്കെതിരെ ഉയര്‍ന്നത്. ലേക്ക് പാലസിന്റെ നിയമലംഘനം അക്കമിട്ട് നിരത്തിയ കലക്ടറുടെ റിപ്പോര്‍ട്ട് കൂടി വന്നതോടെയാണ് തോമസ് ചാണ്ടി കൂടുതല്‍ പ്രതിരോധത്തിലായത്. വിഷയത്തില്‍ ഹൈക്കോടതിയും സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തോമസ് ചാണ്ടിക്കെതിരെ നിലപാടെടുക്കാന്‍ സിപിഎം നിര്‍ബന്ധിതരായത്.