Tuesday, April 23, 2024
HomeTop Headlinesമഴകാരണം മലയോര പ്രദേശമായ റാന്നിയിൽ ദുരിതങ്ങൾ

മഴകാരണം മലയോര പ്രദേശമായ റാന്നിയിൽ ദുരിതങ്ങൾ

പത്തനംതിട്ട ജില്ലയിലെ അഞ്ച് താലൂക്കുകളിൽ ഒന്നാണ് റാന്നി. മലയോര പ്രദേശമായ റാന്നി പമ്പയുടെ തീരങ്ങളിൽ ഒന്നാണ്. പത്തനംതിട്ടയിൽ നിന്നും ഏകദേശം 14 കി മീ ദൂരത്തിലാണ് റാന്നി സ്ഥിതി ചെയ്യുന്നത്. പുനലൂർ – മൂവാറ്റുപുഴ ഹൈവെ ഇതുവഴി കടന്നു പോകുന്നു. റാന്നിയിൽ നിന്ന് 62 കി.മി. അകലെയാണ് സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ശബരിമല. എന്നാൽ കനത്ത മഴ കാരണം മലയോര പ്രദേശങ്ങളുടെ റാണി എന്ന് അറിയപ്പെടുന്ന റാന്നി കനത്ത നാശനഷ്ടങ്ങൾക്കാണ് ഇപ്പോൾ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. റാന്നി പാലത്തിന്റെ അടിത്തറയ്ക്കു നാശ നഷ്ടങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. റാന്നിയുടെ ദൈനംദിനപ്രവര്‍ത്തനങ്ങളെ കൂട്ടിയോജിപ്പിച്ച പ്രധാന കണ്ണിയായ റാന്നി പാലത്തിന്റെ അടിത്തറയാണ് ഇപ്പോൾ ബലക്ഷയമായികൊണ്ടിരിക്കുന്നത്.

മടവീഴ്ച നേരിട്ട പൂവന്മല പാടത്തെ ഇന്നലത്തെ കാഴ്ചയാണിത്. പാടത്ത് വൻതോതിൽ കല്ലും മണ്ണും. വെള്ളം കെട്ടിക്കിടന്ന് കൃഷി നശിക്കുന്നു. പൂവന്മല പാടം പാട്ടത്തിനെടുത്തും സ്വന്തമായും ഒട്ടേറെ കർഷകർ കൃഷിയിറക്കിയിരുന്നു. ഏത്തവാഴ, കപ്പ, ചേന, കാച്ചിൽ, ചേമ്പ് എന്നിവയാണ് നട്ടിരിക്കുന്നത്. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കൃഷി നശിക്കുമെന്ന ആശങ്കയിലാണ് കർഷകർ. വെള്ളം കുത്തിയൊലിച്ച് കൃഷി വൻതോതിൽ നശിച്ചിട്ടുണ്ട്.
പൂവന്മല എംടി എൽപി സ്കൂളിലേക്കുള്ള ചെറിയ പാലത്തിന്റെ കൽക്കെട്ടിനടിയിലെ കോൺക്രീറ്റ് ഒലിച്ചുപോയി കുഴി രൂപപ്പെട്ടിരിക്കുകയാണ്. വലിയ വാഹനങ്ങൾ ഓടിയാൽ പാലം തകർന്നു വീഴുന്ന സ്ഥിതിയാണ്. പാലത്തോടു ചേർന്ന കൽക്കെട്ടും തകർന്നിട്ടുണ്ട്. പുതിയ പാലം നിർമിക്കാതെ ഇനിയും വാഹനയാത്ര സാധ്യമാകില്ല.

സ്കൂളിലേക്കുള്ള പാലത്തിനു താഴെയാണ് കളയ്ക്കമൺ–റാന്നി തോടിന്റെ വശമിടിഞ്ഞ് മടവീഴ്ചയുണ്ടായത്. ഇതുമൂലം തോട്ടിലൂടെയുള്ള നീരൊഴുക്ക് കുറഞ്ഞു. വെള്ളം പൂവന്മല പാടത്തേക്കൊഴുകുകയാണ്. പാടത്ത് കല്ലും മണ്ണും നിറഞ്ഞിരിക്കുന്നു. വയലിന്റെ മധ്യത്തിലൂടെ പുതിയ തോട് രൂപപ്പെട്ടിട്ടുണ്ട്. മടവീഴ്ച നേരിട്ട ഭാഗം കെട്ടി ബലപ്പെടുത്തിയില്ലെങ്കിൽ പാടത്ത് കൃഷിയിറക്കാൻ പറ്റില്ല. ഇപ്പോഴത്തെ സ്ഥിതിയിൽ വെള്ളം കയറി കൃഷി നശിക്കുകയാണ്. പ്ലാങ്കമൺ– തേക്കുങ്കൽ പിഡബ്ല്യുഡി റോഡിന്റെ പാതി ഭാഗത്തോളം ഇടിഞ്ഞുതാണു. പ്ലാങ്കമൺ എൽപി സ്കൂളിനു മുൻവശത്താണ് റോഡ് ഇടിഞ്ഞത്. എട്ടു മീറ്റർ വീതിയുള്ള റോഡാണിത്. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള പന്ത്രണ്ടാം മൈൽ– കാർമൽപടി– പിസി റോഡിന്റെ വശവും ഇടിഞ്ഞു താണിട്ടുണ്ട്.

കനത്ത മഴയിൽ കൽക്കെട്ട് ഇടിഞ്ഞുവീണ് വീടുകൾക്കു നാശമുണ്ടായി.  തെക്കേപ്പുറം മൂന്നു സെന്റ് കോളനി ജാൻസി ഭവനത്തിൽ ലീല വർഗീസിന്റെ വീടിനാണ് നാശം നേരിട്ടത്. ബുധനാഴ്ച വൈകിട്ട് മഴ പെയ്തുകൊണ്ടിരിക്കുമ്പോഴാണ് വീടിനോടുചേർന്ന കൽക്കെട്ടിടിഞ്ഞത്. 15 അടിയോളം താഴ്ചയിൽ നാശം നേരിട്ടു. അടിത്തറയോടു ചേർന്ന ഭാഗം വിണ്ടുകീറിയിട്ടുണ്ട്. കൽക്കെട്ടിടിഞ്ഞ് മണ്ണും കല്ലും തോട്ടുതാഴത്തെ വീടിന്റെ മുകളിൽ കിടക്കുകയാണ്. വീണ്ടും നാശം നേരിട്ടാൽ ആ വീടും തകരുമെന്ന സ്ഥിതിയാണ്.

കനത്ത മഴയിൽ മടകൾ വീണ് പഞ്ചായത്തിലെങ്ങും വ്യാപക കൃഷിനാശം. പ്ലാങ്കമൺ– തേക്കുങ്കൽ റോഡിന്റെ പാതി ഭാഗത്തോളം ഇടിഞ്ഞുവീണ് അപകടക്കെണി.
ബുധനാഴ്ച വൈകിട്ട് പെയ്ത മഴയിൽ കോറ്റാത്തൂർ, പ്ലാങ്കമൺ പാലപുരം, ഇടപ്പാവൂർ എന്നീ പാടശേഖരങ്ങളിലാണ് മടകൾ വീണത്. വലിയ തോടുകളുടെ വശത്തെ ഡിആർ കെട്ടുകൾ ഇടിഞ്ഞ് പാടങ്ങളിൽ വെള്ളം കയറുകയായിരുന്നു. ചള്ളയും മണ്ണും നിറഞ്ഞ് കര പോലെ കിടക്കുകയാണ് പാടങ്ങൾ. അൻപതേക്കറോളം വരുന്ന പാടങ്ങളിൽ വെള്ളം കയറിയിരുന്നു. നൂറോളം കർഷകരുടെ കാർഷികവിളകൾ നശിച്ചു. കപ്പ, ഏത്തവാഴ, കുടിവാഴ, ചേന, ചേമ്പ്, കാച്ചിൽ എന്നിവ വൻതോതിൽ നശിച്ചിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിദ്യാധരൻ അമ്പലാത്ത് തുടങ്ങിയവർ ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു കാര്യങ്ങൾ വിലയിരുത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments