നേഴ്‌സ് 106 രോഗികളെ ശരീരത്തില്‍ വിഷം കുത്തി വെച്ച് കൊലപ്പെടുത്തി

nurse killed 106 patients

വിഷാദ രോഗത്തിനടിമപ്പെട്ട നേഴ്‌സ് 106 രോഗികളെ ശരീരത്തില്‍ വിഷം കുത്തി വെച്ച് കൊലപ്പെടുത്തി. ജര്‍മ്മനിയിലെ ബെര്‍ലിനിലാണ് ഒരു നഴ്‌സ് വിഷാദ രോഗത്തിനെ തുടര്‍ന്ന് 160 രോഗികളെ കൊന്നതായി തെളിവുകളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയത്. മരണ സംഖ്യ ഇനിയും വര്‍ദ്ധിച്ചേക്കാമെന്നും പൊലീസ് പറയുന്നു. ബ്രമന്‍ സ്വദേശിയായ നീല്‍സ് ഹോഗല്‍ എന്ന 41 വയസ്സുകാരനാണ് പ്രതി. 2015 ലാണ് ഇദ്ദേഹം രോഗികളുടെ ശരീരത്തില്‍ മാരക വിഷം കുത്തിവെച്ച് രണ്ട് രോഗികളെ കൊലപ്പെടുത്തിയതിലും 4 രോഗികളുടെ നില ഗുരുതരമാക്കിയ കേസിലും അറസ്റ്റിലാകുന്നത്. രക്തയോട്ടത്തെ ബാധിക്കുന്ന തരത്തില്‍ ഹൃദയ ധമനികള്‍ക്ക് തകരാര്‍ ഉണ്ടാക്കുന്ന വിഷമാണ് നീല്‍സ് രോഗികളുടെ ശരീരത്തില്‍ കുത്തിവെച്ചു കൊണ്ടിരുന്നത്. വിഷാദ രോഗത്തിന് അടിമപ്പെടുമ്പോഴാണ് ഇയാള്‍ ഈ പ്രവൃത്തി ചെയ്തു കൊണ്ടിരുന്നത്. ബ്രമനിലെ ഡെല്‍മണ്‍ഹോര്‍സ്റ്റ് ആശുപത്രിയിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. ഇയാള്‍ രോഗികളുടെ ശരീരത്തില്‍ വിഷം നിറഞ്ഞ ദ്രാവകം കുത്തിവെക്കുന്നത് സഹപ്രവര്‍ത്തകയുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ നീല്‍സ് കുറ്റം സമ്മതിച്ചു. എന്നാല്‍ താന്‍ എത്ര പേരെ ഇതുവരെ കൊലപ്പെടുത്തി എന്നത് സംബന്ധിച്ച് നീല്‍സിന് ഒരു പിടുത്തവുമുണ്ടായിരുന്നില്ല. കൊലപ്പെടുത്തിയവരില്‍ 30 പേരെ മാത്രമേ നീല്‍സിന് ഓര്‍മ്മയുണ്ടായിരുന്നുള്ളു. അടക്കം ചെയ്ത ശവശരീരങ്ങള്‍ പിന്നീട് പുറത്തെടുത്ത് നടത്തിയ പരിശോധനയെ തുടര്‍ന്നാണ് മരണ സംഖ്യ 90 കടന്നത്. പിന്നീട് നടന്ന പരിശോധനകളില്‍ സമാന സാഹചര്യത്തില്‍ നടന്ന മരണങ്ങള്‍ 106 ആയി. ഇനിയും കൂടുതല്‍ മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധന നടത്താനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. നീല്‍സിനെതിരെ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തി പൂര്‍ണ്ണമായ കുറ്റപത്രം അടുത്ത വര്‍ഷം പുറപ്പെടുവിക്കാനുള്ള നീക്കങ്ങളിലാണ് ഇപ്പോള്‍ പൊലീസ് അധികാരികള്‍. നീല്‍സ് ജോലിയിലുണ്ടായിരുന്ന സമയത്ത് സംശയാസ്പദമായി ഇത്രയധികം മരണങ്ങള്‍ നടന്നിട്ടും ഇത് ശ്രദ്ധിക്കാതെ പോയ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍മാരെയും ചോദ്യം ചെയ്ത് വരികയാണ്. ഇവര്‍ക്കെതിരെയും നടപടി ഉണ്ടാകും.