മണ്ഡലകാലത്തിനു ശേഷം പമ്പയില്‍ പുതിയ പാലത്തിന്റെ നിര്‍മ്മാണമാരംഭിക്കുമെന്ന് രാജു എബ്രഹാം എം.എല്‍.എ പറഞ്ഞു. സുദര്‍ശനം പദ്ധതി, വയോജനങ്ങളും ഭിന്നശേഷിക്കാരുമായ തീര്‍ത്ഥാടകര്‍ക്കുള്ള വിശ്രമകേന്ദ്രം എന്നിവയുടെ ഉദ്ഘാടനം പമ്പ ദേവസ്വം ബോര്‍ഡ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ത്രിവേണിയില്‍ വാഹനങ്ങള്‍ക്കു പോകുന്നതിനായി ഒരു പാലം നിര്‍മ്മാണവും ആലോചനയിലുണ്ട്. സമയബന്ധിതമായി ഇവയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. സുദര്‍ശനം പദ്ധതിയുടെ ഭാഗമായി മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മലകയറുന്നതിന് പ്രയാസമുള്ള പാതകളില്‍ അവരെ സഹായിക്കുന്നതിനും ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ട്. പ്രത്യേക വിശ്രമകേന്ദ്രവും പ്രയാസമനുഭവിക്കുന്നവര്‍ക്കു സബ്‌സിഡി നിരക്കില്‍ ഡോളി സൗകര്യം, കാനന പാതയില്‍ ഇരിപ്പിടങ്ങള്‍, സന്നിധാനത്ത് പ്രത്യേക പാത, പമ്പ- നിലയ്ക്കല്‍ ഇന്‍ഫര്‍മേഷന്‍ കൗണ്ടറിനോടനുബന്ധിച്ച് സുദര്‍ശനം ഹെല്‍പ്പ് ഡസ്‌ക്, അടിയന്തര ഘട്ടങ്ങളില്‍ താല്‍ക്കാലിക താമസ സൗകര്യം തുടങ്ങിയ സേവനങ്ങള്‍ സുദര്‍ശനം പദ്ധതിയുടെ കീഴില്‍ ലഭ്യമാകും. ശബരിമല തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തിച്ചേരുന്ന വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സുഖകരമായ അയ്യപ്പദര്‍ശനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം, സാമൂഹ്യനീതി വകുപ്പ്, ദേവസ്വം ബോര്‍ഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആരോഗ്യ വകുപ്പ്, പോലീസ്, വനം വകുപ്പ്, ഗതാഗത വകുപ്പ്, മീഡിയ വില്ലേജ് തുടങ്ങിയ വകുപ്പുകളുടേയും സന്നദ്ധ പ്രവര്‍ത്തകരുടേയും പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് സുദര്‍ശനം. വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി ആവിഷ്‌ക്കരിച്ച ഈ പദ്ധതി മാധ്യമങ്ങള്‍ ജനങ്ങളില്‍ എത്തിക്കണമെന്നും എം.എല്‍.എ പറഞ്ഞു. ദേവസ്വം ബോര്‍ഡ് മെമ്പര്‍ എന്‍.വിജയകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ശബരിമല എഡിഎം:എന്‍.എസ്.കെ ഉമേഷ്, പമ്പ സ്‌പെഷ്യല്‍ ഓഫീസര്‍ നവനീത് ശര്‍മ്മ, അഡീഷണല്‍ സ്‌പെഷ്യല്‍ ഓഫീസര്‍ ശില്‍പ ദ്യാവയ്യ, തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍മാരായ അഡ്വ.എന്‍ വിജയകുമാര്‍, കെ.എസ് രവി, പെരിയാര്‍ ടൈഗര്‍ റിസര്‍വ് പീരുമേട് വെസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സി.ജെ ഹബി, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ എ.ഒ അബീന്‍, കെ എസ് ആര്‍ ടി സി പമ്പ സ്‌പെഷ്യല്‍ ഓഫീസര്‍ സുനില്‍ കുമാര്‍, അഖില ഭാരത അയ്യപ്പസേവാസംഘം ജനറല്‍ സെക്രട്ടറി എന്‍.വേലായുധന്‍ നായര്‍, ആരോഗ്യ വകുപ്പ് പമ്പ നോഡല്‍ ഓഫീസര്‍ ഇ.പ്രശോഭ്, പമ്പ ദേവസ്വം ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എം. ജി മധു തുടങ്ങിയവര്‍ പങ്കെടുത്തു.