Saturday, December 14, 2024
HomeInternationalരാഹുല്‍ ഗാന്ധിക്ക് യുഎഇയിൽ വൻ സ്വീകരണം

രാഹുല്‍ ഗാന്ധിക്ക് യുഎഇയിൽ വൻ സ്വീകരണം

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് യുഎഇയിൽ വൻ സ്വീകരണം. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ ദുബയില്‍ എത്തിയത്. ശക്തമായ സുരക്ഷാ സന്നാഹങ്ങളെ പോലും അവഗണിച്ച് നൂറുകണക്കിന് പേര്‍ രാഹുലിനെ കാണാന്‍ എത്തി. മണിക്കൂറുകള്‍ക്ക് മുമ്പേ വിമാനത്താവള പരിസരം പ്രവര്‍ത്തകരെ കൊണ്ട് നിറഞ്ഞിരുന്നു. ഇന്ത്യന്‍ ദേശീയ പതാകയും പ്ലക്കാര്‍ഡുകളുമായി നിരവധി സ്‌കൂള്‍ വിദ്യാര്‍ഥികളും വിമാനത്താവളത്തില്‍ എത്തി. ഫോട്ടോയെടുക്കാനും പൂക്കള്‍ സമ്മാനിക്കാനും ആളുകള്‍ തിക്കും തിരക്കും കൂട്ടി. രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനായതിന് ശേഷമുള്ള ആദ്യത്തേതും ഈ വര്‍ഷത്തെ ആദ്യ വിദേശ പൊതുപരിപാടിയും ഇതാണ്. കേരളത്തില്‍ നിന്ന് മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി, കെപിസിസി വര്‍ക്കിങ് പ്രസിഡണ്ട് കെ സുധാകരന്‍, മറ്റൊരു വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം പി, എം കെ രാഘവന്‍ എംപി, ആന്റോ ആന്റണി എംപി, പി കെ കുഞ്ഞാലിക്കുട്ടി എംപി തുടങ്ങിയ വന്‍ നിര രാഹുലിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഉമ്മന്‍ചാണ്ടിയെ, തന്റെ സീറ്റിലേക്ക് ചേര്‍ത്തിരുത്തി, രാഹുല്‍, വിവിധ വിഷയങ്ങള്‍ ചോദിച്ച് അറിഞ്ഞു. പ്രവാസി ഇന്ത്യക്കാരുടെ വിവിധ വിഷയങ്ങള്‍ മനസ്സിലാക്കാനായിരുന്നു രാഹുലിന്റെ ശ്രമം. വെള്ള ടീ ഷര്‍ട്ടും ജീന്‍സും അണിഞ്ഞ് നിറഞ്ഞ പുഞ്ചിരിയോടെയാണ് രാഹുല്‍ പുറത്തേയ്ക്ക് എത്തിയത്. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ ഡോ. സാം പിത്രോഡയും ഒപ്പം ഉണ്ടായിരുന്നു. സന്ദര്‍ശനത്തിന് വെള്ളിയാഴ്ച്ച ഔദ്യോഗികമായി തുടക്കം കുറിയ്ക്കും. രാവിലെ പത്തിന്, തൊഴിലാളുമായി കൂടിക്കാഴ്ച നടത്തും. ദുബയ് ജബല്‍അലിയിലെ തൊഴിലാളി ക്യാംപില്‍ ആയിരത്തിലധികം തൊഴിലാളികളുമായി സംവദിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടിന്, ഇന്ത്യന്‍ ബിസിനസ് സമൂഹവുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് നാലിനാണ്, യുഎഇ കാത്തിരുന്ന കൂറ്റന്‍ കലാസാംസ്‌കാരിക പരിപാടി. ദുബയ് രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഇതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ഇന്ത്യയുടെ രാഷ്ടപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാര്‍ഷികത്തില്‍ ഇന്ത്യ എന്ന ആശയത്തില്‍ രാഹുല്‍ഗാന്ധി ഒരു മണിക്കൂറോളം സംസാരിക്കും. കാല്‍ലക്ഷത്തിലധികം പേര്‍ സ്‌റ്റേഡിയത്തില്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. തൊഴിലാളികള്‍ ഉള്‍പ്പടെ, ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഇതില്‍ പങ്കെടുക്കും. മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും പ്രതിനിധികള്‍ എത്തിക്കഴിഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments