വി മുരളീധരനെ രാജ്യസഭയിലെത്തിക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം;തുഷാര്‍ വെള്ളാപ്പള്ളിയെ തഴഞ്ഞു

muralidharan

ബിജെപി ദേശീയനിര്‍വാഹകസമിതി അംഗം വി മുരളീധരനെ രാജ്യസഭയിലെത്തിക്കാന്‍ പാര്‍ട്ടി കേന്ദ്രനേതൃത്വം ഒരുങ്ങുന്നു. വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മുരളീധരനെ മത്സരിപ്പിക്കാനാണ് നീക്കം. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ഒന്നില്‍ നിന്ന് മത്സരിപ്പിക്കാനാണ് തീരുമാനം. അതേസമയം, എന്‍ഡിഎ സഖ്യകക്ഷിയായ ബിഡിജെഎസിന് രാജ്യസഭാ സീറ്റ് നല്‍കില്ലെന്നാണ് സൂചന. നേരത്തെ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നല്‍കുമെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്ന് തുഷാറിനെ രാജ്യസഭയില്‍ എത്തിക്കാന്‍ നീക്കം നടക്കുന്നു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ അതുണ്ടാകില്ലെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. ഇതോടെ ബിഡിജെഎസ് എന്‍ഡിഎ മുന്നണി വിടുമെന്ന് ഉറപ്പായി. മാര്‍ച്ച് 23 നാണ് ഒഴിവുവന്നിരിക്കുന്ന 60 ഓളം രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 14 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം.ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബിജെപി കേന്ദ്രനേതൃത്വം കേരളത്തില്‍ നിന്നൊരു നേതാവിനെ രാജ്യസഭയിലെത്തിക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. എംപിയായാല്‍ ഒരുപക്ഷെ മുരളീധരന് വരുന്ന മന്ത്രിസഭാ പുന:സംഘടനയില്‍ പരിഗണന ലഭിക്കാനും സാധ്യതയുണ്ട്.